കൊച്ചി: പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ “കാരുണ്യ’ സംഗീത പരിപാടിയെച്ചൊല്ലി സമൂഹമാധ്യമത്തി ൽ ആഷിഖ് അബു-ഹൈബി ഈഡൻ പോര്.
ഫേസ്ബുക്കിലൂടെ പരസ്പരം പോസ്റ്റുകളിട്ട് വിവാദം കൊഴുപ്പിച്ച ഇരുവരും ഇന്ന് അല്പം ശാന്തരായിട്ടുണ്ട്. കളക്ടർ എസ്. സുഹാസ് നേരിട്ട് വെടിനിർത്തലിന് ആഹ്വാനം ചെയ്തതോടെയാണ് പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് തൽക്കാ ലം ഇരുവരും പിൻവലിഞ്ഞിട്ടുള്ളത്.
വിവാദം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് ഹൈബി ഈഡൻ എംപി ഫേസ്ബുക്കിലൂടെ ഇട്ട പോസ്റ്റിൽ നിന്നാണ് തർക്കം തുടങ്ങിയത്. ഹൈബിയുടെ പോസ്റ്റിന് മറുപടിയായി ആഷിഖ് ഫേസ്ബുക്കിൽ കുറിച്ച മറുപടികളും ചോദ്യങ്ങളും ഏറെ ചർച്ചകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവച്ചു.
ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ല കരുണ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു ആഷിഖിന്റെ പോസ്റ്റ്. പരിപാടിയുടെ ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് പോസ്റ്റിൽ പറയുന്നു.
കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണിത്. അതുകൊണ്ടാണ് സൗജന്യ പാസുകൾ ആവശ്യപ്പെട്ട് താങ്കളുടെ ഓഫീസിൽ നിന്നെത്തിയ ഫോണ്കോളുകൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിയാതിരുന്നത്.
ദുരിതാശ്വാസ നിധിയിലേക്കുള്ള പരിപാടിയായതിനാൽ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി തരണമെന്ന ഞങ്ങളുടെ ആവശ്യം കൊച്ചി റീജിണൽ സ്പോർട്സ് സെന്റർ ഭാരവാഹികൾ സ്നേഹപൂർവം അനുവദിക്കുകയായിരുന്നു.
ഈ മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. എന്നാൽ, സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണ് എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതിയത്.?
താങ്കൾ കണ്ടെത്തിയ “തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്ക് ഉണ്ട്. താങ്കൾ തെളിവു സഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആഷിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ടിക്കറ്റ് വിറ്റുകിട്ടിയ തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ ചെക്കിന്റെ ഫോട്ടോയും ഇതോടൊപ്പം ആഷിഖ് പോസ്റ്റും ചെയ്തു. എന്നാൽ, വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്ന മറുപടിയോടെയാണ് ഹൈബി ഈഡൻ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിൽ ആഷിഖിന്റെ പോസ്റ്റിന് മറുപടിയിട്ടത്.
പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ ഡേറ്റ് 2020 ഫെബ്രുവരി 14 ആണ്. അതിനു മുൻപേ ഇതു സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു.
സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യൻമാർക്ക് ഇതു പുതുമയല്ല എന്ന പരിഹാസവും, കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നത് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയാണെന്നും അദേഹം തന്റെ പോസ്റ്റിൽ പറയുന്നു.
വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിഖ് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം സ്നേഹപൂർവം അംഗീകരിച്ചു എന്നാണ്.
എന്നാൽ നിങ്ങളുടെ അപേക്ഷ കൊച്ചി ആർഎസ്സി കൗണ്സിൽ പല തവണ നിരാകരിക്കുകയും അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുണ്ടായ സമ്മർദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഈ തീരുമാനം എടുത്ത കൗണ്സിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബർ 16 ന് ബിജിബാൽ ആർഎസ്സിക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ എങ്ങനെയാണ് ദുരിതാശ്വാസ പണപിരിവിനുവേണ്ടി നടത്തിയ പരിപാടിയല്ല എന്ന് ആഷിഖ് പറയുന്നത്.
പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെ ജനങ്ങളോടൊപ്പംനിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. സ്ഥലം എംപിയെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിഖിനോടൊ സംഘാടകരോടൊ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർക്ക് പ്രതിഫലം കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ആഷിഖ് മറുപടി നൽകിയിട്ടില്ല.
മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്പോൾ തിരക്കഥ പരാജയമാണ്. ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്.
താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ എന്നും പോസ്റ്റിൽ പറയുന്നു.