
കാക്കനാട്: എറണാകുളം ജില്ലയിൽ പ്രളയ ദുരിതാശ്വാസഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് മൊഴിയെടുക്കും. അന്വേഷണത്തിന്റെ ആദ്യഘട്ടമായി എഡിഎമ്മിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി കളക്ടർ, പ്രളയ ദുരിതാശ്വാസ വിഭാഗത്തിലെ മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തുക.
ഇന്ന് മുതല്‍ മൊഴിയെടുക്കല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനുശേഷമാകും ഫണ്ട് തിരിമറി നടത്തിയെന്ന കുറ്റത്തിന് ജില്ലാ കളക്ടര്‍ സസ്സ്പെന്‍ഡ് ചെയ്ത വകുപ്പിലെ പ്രധാന ക്ലര്‍ക്കായ വിഷ്ണു പ്രസാദിനെ ചോദ്യം ചെയ്യുക.
പ്രളയദുരിതാശ്വാസഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് എഡിഎം തൃക്കാക്കര സിഐക്ക് നല്കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നാണു സൂചന.
പ്രളയദുരിതാശ്വാസ സഹായ ധനം തിരിമറി നടത്തിയതില്‍ ഓഫീസിനകത്തും പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കൻമാരിലും കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. വിഷ്ണുപ്രസാദ് മാത്രമല്ല യൂസര്‍ നെയിമും പാസ് വേര്‍ഡും കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ടുതന്നെ മറ്റ് ജീവനക്കാര്‍ക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പ്രളയ ദുരിതാശ്വാസ ധനസഹായ തട്ടിപ്പിലൂടെ അനധികൃതമായി പണം കൈപ്പറ്റിയ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വറിനെ കൂടാതെ പാര്‍ട്ടിയിലെ മറ്റു ചിലര്‍ക്കും പങ്കുള്ളതായും സൂചനയുണ്ട്.
തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ മറ്റൊരു അംഗത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കും പ്രളയ ധനസഹായം എത്തിയിട്ടുണ്ടെന്നതും അന്വേഷിക്കുമെന്നാണു വിവരം.
വിഷ്ണുപ്രസാദിനും എം.എം. അന്വറിനുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. 10.54 ലക്ഷം കൃത്രിമമായി കൈപ്പറ്റിയ സിപിഎം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വറിനെ പാര്‍ട്ടി തതത്സ്ഥാനത്തുനിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.