എം. സുരേഷ്ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹമായി പണം കൈപ്പറ്റിയവരുടെ വീടുകളിൽ വിജിലൻസിന്റെ പരിശോധന ആരംഭിച്ചതായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം.
അനർഹമായി ധനസഹായത്തിനു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ വീടുകളും അവരുടെ സാന്പത്തിക സ്രോതസുകളും പരിശോധിക്കും.
രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ ചികിത്സാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പണം തട്ടിയെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു.
ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരിൽനിന്നു മൊഴിയെടുക്കും. ആസൂത്രിതമായി പണം തട്ടിയെടുക്കാൻ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിജിലൻസ് ഡയറക്ടർ രാഷ്ട്രദീപികയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹരായവർ പണം തട്ടിയെടുത്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയ സാഹചര്യത്തിലാണ് വിജിലൻസ് നടപടികൾ ശക്തമാക്കിയത്.
അതേ സമയം വിജിലൻസ് അന്വേഷണം കർശനമാക്കിയതോടെ പണം തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് സംശയിക്കുന്ന ഇടനിലക്കാർ പലരും ഒളിവിൽ പോയിട്ടുണ്ട്.
ഓപ്പറേഷൻ ഡിഎംആർഎഫ് എന്ന പേരിൽ വിജിലൻസ് ഡയറക്ടറുടെ നിർദേശാനുസരണം സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്.
അനർഹരായ നിരവധി പേർ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്ന് വിജിലൻസ് കണ്ടെ ത്തി. അർഹതയില്ലാത്തതിന്റെ പേരിൽ അപേക്ഷ നിരസിക്കപ്പെട്ട അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ നാല് ലക്ഷം രൂപ എത്തിയെന്ന് വിജിലൻസ് കണ്ടെ ത്തിയിരുന്നു
. കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്. വാസ്തവ വിരുദ്ധമായ വിവരങ്ങൾ നൽകിയാണ് പലരും ധനസഹായം തട്ടിയെടുത്തത്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.