മേലൂർ: പ്രളയത്തിൽ വീട് പൂർണമായും തകർന്ന് ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നിർധനരായ കുടുംബത്തിലെ അമ്മയും മകളും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ്ക്കുവേണ്ടി വില്ലേജ് ഓഫീസിനുമുന്പിൽ കുത്തിയിരുന്ന് സമരം നടത്തി. കല്ലുകുത്തി കനാൽ ബണ്ടിൽ പുറംന്പോക്കിൽ താമസിക്കുന്ന മുദ്രക്കാട്ട് പറന്പിൽ ശ്യാമളയും മകൾ അശ്വതിയുമാണ് പ്ലക്കാർഡുകൾ പിടിച്ച് വില്ലേജ് ഓഫീസിന് മുന്പിൽ സമരം നടത്തിയത്.
പ്രളയത്തിൽ കനാൽവഴി വെള്ളം കയറി വീട് പൂർണമായി തകർന്നുവീണു. ഇതേത്തുടർന്ന് രണ്ടുമാസമായി കുവ്വക്കാട്ട്കുന്ന് ദുരിതാശ്വാസ ക്യാന്പിലാണ് ഇവർ കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് മോഹനൻ മൂന്നുവർഷംമുന്പ് മരിച്ചു. ഇതിനെത്തുടർന്ന് ശ്യാമള വീട്ടുജോലിക്കുപോയിട്ടാണ് കുടുംബ കഴിഞ്ഞുപോയിരുന്നത്.
ഒന്പതുവയസുകാരിയായ മകൾ അശ്വതിക്ക് രണ്ടു കണ്ണിനും കാഴ്ചക്കുറവാണ്. ഞരന്പുകളുടെ ബലക്ഷയമാണ് കാഴ്ചക്കുറവിന് കാരണം. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച കിട്ടിയിട്ടില്ല. പൂർണമായി വീട് തകർന്നവരുടെ പട്ടികയിലും ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരുടെ പട്ടികയിലും ശ്യാമളയുടെ പേരുണ്ട്.
എന്നിട്ടും ശ്യാമളയ്ക്ക് ദുരിതാശ്വാസ സഹായം നൽകാത്തതിന് കാരണം എന്താണെന്ന് അധികൃതർ പറയുന്നില്ല. ചിലരുടെ വ്യക്തിവിരോധമാണ് സഹായം നൽകാത്തതിന് കാരണമെന്നാണ് ആരോപണം.നിർധനരായ കുടുംബത്തിന് പിന്തുണയുമായി യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിനു മുന്പിൽ എത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് യുഡിഎഫ് ലീഡർ എം.ടി. ഡേവിസ് ഉദ്ഘാടനം ചെയ്തു. മെന്പർമാരായ വനജ ദിവാകരൻ, രാജേഷ് മേനോത്ത്, അവറാച്ചൻ മേച്ചേരി, സ്വപ്ന ഡേവിസ് എന്നിവർ പ്രസംഗിച്ചു.