മുക്കം(കോഴിക്കോട്): പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ദുരിതാശ്വാസ സാമഗ്രികള്‍ പൂഴ്ത്തി വെച്ചതായി കണ്ടെത്തിയ സംഭവം മുക്കം കാരശ്ശേരിയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സ്വന്തക്കാര്‍ക്ക് നല്‍കാനാണ് ഒരു മാസത്തോളമായിട്ടും വിതരണം ചെയ്യാതെ പൂഴ്ത്തിത്തിവെച്ചതെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ ആയിരത്തോളം പ്രളയബാധിതര്‍ക്കായി 200ല്‍ താഴെ കിറ്റുകള്‍ മാത്രം കിട്ടിയത് കൊണ്ടാണ് വിതരണം ചെയ്യാതെ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ സൂക്ഷിച്ചതെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പഞ്ചായത്ത് അധികൃതരില്‍ തന്നെ പലരും വിശ്വസിക്കുന്നില്ല.
ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പാത്രങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കാരശേരി പഞ്ചായത്തിലെ രണ്ട് സാംസ്കാരിക നിലയങ്ങളില്‍ പൂഴ്ത്തിവച്ചതായി കണ്ടെത്തിയത്. 175 ഓളം പെട്ടികളിലായാണ് കറുത്തപറമ്പിലെയും കാരശേരിയിലെയും സാംസ്കാരിക നിലയങ്ങളില്‍ കിറ്റുകള്‍ അടുക്കിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കറുത്ത പറമ്പിലെ സാംസ്കാരിക നിലയത്തില്‍ വാര്‍ഡ് മെംബറേയും മറ്റൊരാളെയും കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ഇവിടങ്ങളില്‍ നിരവധി പെട്ടികളിലായി സൂക്ഷിച്ച കിറ്റുകള്‍ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി ഇവിടെ നിന്നും ബോക്സുകള്‍ കടത്തിക്കൊണ്ടുപോകുന്നത് ഇതിനുമുന്‍പും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഞായറാഴ്ച രാത്രിയും പെട്ടികള്‍ കൊണ്ടുപോകുന്നത് കണ്ടതോടെ സാംസ്കാരിക നിലയം താഴിട്ടു പൂട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചു. സെക്രട്ടറി സ്ഥലത്തെത്തി പരിശോധന നടത്തുകയും പെട്ടികളുടെ എണ്ണം തിട്ടപ്പെടുത്തി കറുത്തപറമ്പിലെയും കാരശേരിയിലെയും സാംസ്കാരിക നിലയങ്ങള്‍ സീല്‍ ചെയ്യുകയുമായിരുന്നു.
വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭരണസമിതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. പ്രളയ ബാധിതര്‍ക്കായി എത്തിച്ച സാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ ഇഷ്ടക്കാര്‍ക്ക് രാത്രിയുടെ മറവില്‍ വിതരണം ചെയ്യുകയാണെന്നും നിരവധി ബോക്സുകള്‍ ഇതിന് മുന്‍പും കാണാതായിട്ടുണ്ടെന്നും അതെല്ലാം തിരിച്ചേല്‍പ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അധികൃതരുടെ വിശദീകരണം
പ്രളയബാധിതര്‍ക്കായി വിതരണം ചെയ്യുന്നതിന് നല്കിയ കിറ്റുകള്‍ സാംസ്കാരിക നിലത്തില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് രംഗത്തെത്തി. 3000 കിറ്റുകള്‍ നല്കുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് കിറ്റുകള്‍ വാങ്ങിയതെന്നും എന്നാല്‍ കിട്ടിയപ്പോള്‍ വളരെ കുറഞ്ഞു പോയത് കൊണ്ടാണ് വിതരണം ചെയ്യാതെ സൂക്ഷിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
തീര്‍ത്തും ഔദ്യോഗികമായി തന്നെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്താണ് ഇത് സൂക്ഷിച്ചത്. നിരവധി മീറ്റിംഗുകള്‍ ഇവിടെ നടന്നതാണന്നും അപ്പോഴെല്ലാം ഈ സാധനങ്ങള്‍ ഇവിടെയുണ്ടന്നും പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്തിനെതിരെ യാതൊരു ആരോപണവുമുന്നയിക്കാനില്ലാത്തതിനാല് വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണന്നും പ്രസിഡന്റ് പറഞ്ഞു.