സ്വന്തം ലേഖകൻ
തൃശൂർ: കുതിച്ചൊഴുകിയെത്തിയ വെള്ളം എല്ലാം തകർത്തെറിഞ്ഞതിന്റെ ദു:ഖം വാക്കിലും നോക്കിലും നിറച്ച് ആ വീട്ടമ്മ പൊട്ടിക്കരഞ്ഞപ്പോൾ തെരുവുനാടകത്തിനപ്പുറം അത് ഹൃദയസ്പർശിയായ അനുഭവമായി. നവകേരള നിർമ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാർത്ഥം ഒരുക്കിയ തെരുവുനാടകത്തിന്റെ അവതരണം കേരളം അനുഭവിച്ച പ്രളയക്കെടുതിയുടെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളാണ് സമ്മാനിച്ചത്.
പ്രളയദുരിതം അതിജീവിക്കാനുള്ള മാർഗങ്ങളും നവകേരള നിർമിതിയും നാടകത്തിൽ പരാമർശ വിഷയങ്ങളായി.ഇന്നും നാളെയും ഇവർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കുടുംബശ്രീയുടെ സാംസ്ക്കാരിക വിഭാഗമായ രംഗശ്രീയുടെ ആഭിമുഖ്യത്തിലാണ് തെരുവുനാടകം ഒരുക്കിയിട്ടുള്ളത്.
ഇരുപത് മിനിറ്റ് നീളുന്ന നാടകത്തിൽ നാടൻപാട്ട്, ചൊല്ലിയാട്ടം, കൃഷിപാട്ട്, വായ്ത്താരി എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നാടകം അരങ്ങേറി. തുടർന്ന് ശക്തൻ സ്റ്റാന്റ്, ഒല്ലൂർ, ഇരിങ്ങാലക്കുട, എന്നിവിടങ്ങളിലും നാടകസംഘം നാടകം അവതരിപ്പിച്ചു. നാളെ തൃശൂർ വടക്കേസ്റ്റാന്റ്, കേച്ചേരി, ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് നാടകം അരങ്ങേറുക.
സിഡിഎസ് ചെയർപേഴ്സ്ണ്‍ ഷിനി സുധാകരൻ, കോ-ഓർഡിനേറ്റർ ബിന്ദു വിൽസണ്‍ എന്നിവരുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന സംഘമാണ് നാടകം അവതരിപ്പിക്കുന്നത്.ജില്ല ലോട്ടറിക്ഷേമനിധി ബോർഡ് അംഗം എം.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കുടുബശ്രീ കോ-ഓർഡിനേറ്റർ ജ്യോതിഷ്കുമാർ, ജില്ല ലോട്ടറി ഓഫീസർ കെ.എസ്.ഗോപി, പി.വത്സ ല, പി.പി.ഡാന്റസ്, ജിതിൻ എന്നിവർ സംബന്ധിച്ചു.