കൊച്ചി: ജില്ലയിലെ പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിലെ പൂർത്തിയാകുവാൻ ശേഷിക്കുന്ന ധനസഹായ വിതരണവും വീടുകളുടെ പുനർ നിർമാണവും ജൂലൈ 20 നകം പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും 20 നകം പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി. പ്രളയാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. നിർമാണം പൂർത്തിയാക്കിയ വിവിധ വീടുകൾ ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ചു. ജില്ലയിൽ ഇതുവരെ നടന്ന പുനർനിർമാണ പ്രവർത്തനങ്ങളുടെ പൂർണമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
പ്രളയത്തിന്റെ അടിയന്തിര ധന സഹായമായ 10,000 രൂപ 1,79,879 പേരാണ് ജില്ലയിൽ കൈപ്പറ്റിയത്. ക്യാന്പുകളിൽനിന്നു പ്രളയശേഷം വീടുകളിലേയ്ക്കു മടങ്ങിയതും പ്രളയം ബാധിച്ചതുമായ കുടുംബങ്ങൾക്ക് ജില്ലയിൽനിന്ന് നൽകിയ റിലീഫ് കിറ്റുകളുടെ എണ്ണം 2,31,801 ആണ്. ഇത് കുടാതെ തുടർന്നും ജില്ലയിൽ എത്തിച്ചേർന്ന ദുരിതാശ്വാസ സാമഗ്രികൾ ഉപയോഗിച്ച് 55,047 റിലീഫ് കിറ്റുകൾ ജില്ലയിലെ പ്രളയ ദുരിതത്തിൽപെട്ട ബിപിഎൽ കുടുംബങ്ങളിൽ വിതരണം ചെയ്തിരുന്നു.
ജില്ലയിൽ വിതരണം ചെയ്തത് 60,74,59,200 രൂപ; 901 കുടുംബങ്ങൾ വീട് നിർമാണം പൂർത്തീകരിച്ചു
പൂർണമായും വീടു നഷ്ടപ്പെട്ട 2,581 കുടുംബങ്ങളെയും ഭാഗികമായി നഷ്ടം സംഭവിച്ച 97,471 കുടുംബങ്ങളെയുമാണു ധനസഹായം അനുവദിക്കുന്നതിനായി അധികൃതർ കണ്ടെത്തിയത്. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക്, വിവിധ പദ്ധതികൾ പ്രകാരം പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി, ഗുണഭോക്താക്കൾ സ്വന്തമായി വീട് നിർമിക്കുന്നതിന് തയ്യാറായ 1,801 കുടുംബങ്ങളിൽ 1,665 കുടുംബങ്ങൾക്ക് ആദ്യ ഗഡുവായ 95,100 രൂപയും 1,575 കുടുംബങ്ങൾക്ക് രണ്ടാം ഗഡുവായ 1,52,450 രൂപയും 1371 കുടുംബങ്ങൾക്ക് മൂന്നാം ഗഡുവായ 1,52,450 രൂപയും അനുവദിച്ചു.
ഈ പദ്ധതി പ്രകാരം ജില്ലയിൽ 60,74,59,200 രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 901 കുടുംബങ്ങൾ വീട് നിർമ്മാണം പൂർത്തീകരിച്ചു. കെയർ ഹോം പദ്ധതി പ്രകാരം സർവീസ് സഹകരണ ബാങ്കുകളുടെ മേൽ നോട്ടത്തിൽ 337 വീടുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. ഇതിൽ 277 വീടുകൾ പൂർത്തീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മേൽ നോട്ടത്തിൽ വിവിധ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ 350 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 114 വീടുകൾ പൂർത്തീകരിച്ചു.
പുറംപോക്കിൽ താമസിക്കുന്ന അർഹരായി കണ്ടെത്തിയ 87 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അപ്രകാരം മാറി താമസിക്കുന്നതിന് സമ്മതപത്രം നൽകിയ 30 പേരുടെ വീട് നിർമാണം ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി ജില്ലയിൽ പൂർണമായും തകർന്ന വീടുകളിൽ 1292 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക മൊബൈൽ ആപ് വഴി മേൽ നോട്ടം നടത്തി വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്.
വിവരങ്ങൾ ക്രോഡീകരിച്ചത് നാല് സ്ലാബുകളായി
ജില്ലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ തയാറാക്കിയ റീബിൽഡ് ആപ് വഴി സന്നദ്ധ സേവകരുടെ സഹായത്തോടെ പ്രളയ മേഖലയിൽ വിശദമായ സർവെ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രളയം മൂലം വീടുകൾക്ക് സംഭവിച്ച കേടുപാടുകളുടെ തോതിന് അനുസൃതമായി നാല് സ്ലാബുകളായി വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇതിൽ 0 മുതൽ 14 ശതമാനം വരെ നാശനഷ്ടം തിട്ടപ്പെടുത്തിയ കേസുകളിൽ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത അടിയന്തിര സഹായം മാത്രമാണ് നൽകിയിട്ടുളളത്.
15, 16 മുതൽ 29 ശതമാനം നാശനഷ്ടം കണക്കാക്കിയ അടുത്ത രണ്ട് സ്ലാബുകളിലെ കുടുംബങ്ങൾക്ക് യഥാക്രമം 10,000 , 60,000 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇപ്രകാരം 10,000 രൂപ ധനസഹായത്തിൽ അർഹരായി കണ്ടെത്തിയത് 53,702 കുടുംബങ്ങളേയും 60,000 ധനസഹായത്തിന് കണ്ടെത്തിയത് 30,564 കുടുംബങ്ങളെയുമാണ്. റീബിൽഡ് ആപ് വഴി ധനസഹായം ശുപാർശ ചെയ്യപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പുന പരിശോധന കൂടാതെ തന്നെയാണു തുക വിതരണം ചെയ്തത്.
ഇതുവരെ 10,000 രൂപ അനുവദിച്ചട്ടുള്ള ഗുണഭോക്താക്കളുടെ 99 ശതമാനവും 60,000 രൂപ അനുവദിച്ചിട്ടുളള ഗുണഭോക്താക്കുളുടെ 96 ശതമാനവും വിതരണം പൂർത്തിയായിട്ടുണ്ട്. അടുത്ത രണ്ട് സ്ലാബുകളിൽ അപ്പീൽ അപേക്ഷകരുടെയും വീടുകളിൽ വിവിധ വകുപ്പുകളിലെ എഞ്ചിനീയർ, ഓവർസിയർമാർ മറ്റ് ജീവനക്കാർ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി ധനസഹായം അനുവദിക്കേണ്ട കുടുംബങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 30 മുതൽ 59 സ്ലാബിൽപ്പെട്ട കുടുംബങ്ങളുടെ 84 ശതമാനവും 60 മുതൽ 74 സ്ലാബിൽപ്പെട്ട കുടുംബങ്ങളുടെ 87 ശതമാനവും വിതരണം പൂർത്തിയായിട്ടുണ്ട്. ഭാഗീക നാശനഷ്ടത്തിനു ജില്ലയിൽ ഇതുവരെ 3,86,69,85,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.
ലഭിച്ചിട്ടുളള എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചതായി അധികൃതർ
2019 മാർച്ച് 31 വരെ ലഭിച്ചിട്ടുളള എല്ലാ അപേക്ഷകളിലും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളിൽ ധനസഹായ വിതരണം പൂർത്തിയാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഇനിയും ധനസഹായം ലഭിക്കാത്തവർക്ക് ജൂണ് 30 വരെ അവരവരുടെ പഞ്ചായത്തുകളിൽ അപ്പീൽ നൽകാം.
പുതിയ അപേക്ഷകളിൽ ജൂലൈ 20 ന് എല്ലാ നടപടികളും പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും എത്രയും വേഗം ധനസഹായ വിതരണം പൂർത്തീകരിക്കുമെന്നും യോഗത്തിൽ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 24 ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തിൽ അപ്പീൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് എല്ലാ പഞ്ചായത്തകളിലും ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിക്കുന്നതിനും ഇതിൻമേലുള്ള തുടർന്നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉത്തരവ് നൽകിയിട്ടുണ്ട്. കൂടാതെ ധനസഹായ വിതരണം സംബന്ധിച്ച പൂർണ വിവരങ്ങൾ എറണാകുളം ജില്ലയുടെ ഒൗദ്യോഗിക വെബ് സൈറ്റ് വഴി ലഭ്യമാണെന്നും കളക്ടർ അറിയിച്ചു.