മാന്നാർ: പ്രളയാനുഭവങ്ങൾ ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുവാനും ഉണ്ടായ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഒരുങ്ങുകയാണ് പരുമല ആശുപത്രിയിലെ ജീവനക്കാർ. പ്രളയം കവർന്ന ചെങ്ങന്നൂർ, പാണ്ടനാട്, ബുധനൂർ, നിരണം, കടപ്ര, ചെന്നിത്തല പ്രദേശങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് തങ്ങളുടെ പ്രളയാനുഭവങ്ങൾ ഓർമക്കുറിപ്പാക്കി മാറ്റിയിരിക്കുന്നത്.
പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്ക്കുലർ സെന്ററിലെ ജീവനക്കാരാണ് പ്രളയത്തിന്റെ ഓർമക്കുറിപ്പ് എന്ന പേരിൽ ഒരു കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 25-ഓളം ജീവനക്കാർ തങ്ങൾക്കുണ്ടായ പ്രളയാനുഭവങ്ങൾ വരും തലമുറയ്ക്കും മനസിലാക്കുവാൻ വേണ്ടിയാണ് കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്.
പ്രളയ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്യാന്പ് പരുമല പള്ളി ഓഡിറ്റോറിയത്തിലും ധ്യാനമന്ദിരത്തിലുമായി നടന്നതാണ്. ഈ ക്യാന്പുകളിൽ രാപകൽ സേവനം അനുഷ്ഠിച്ച ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അനുഭവങ്ങൾ കുറിപ്പുകളായി ഇതിലൂടെ അനാവരണം ചെയ്യുന്നുണ്ട്.ക്യാന്പിൽ രോഗികൾക്കുണ്ടായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതുമൂലം ജീവനക്കാർ അനുഭവിച്ച മനാസിക സംഘർഷങ്ങളുടെയുമെല്ലാം നേർകാഴ്ചയായി ഈ പുസ്തകത്തിലൂടെ വരച്ച് കാണിച്ച് തരുന്നു.
കേരളത്തിന്റെ സൈനികർ എന്ന് വശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് അനുഭവപ്പെട്ട പ്രയാസങ്ങളും അവർക്കുണ്ടായ പരിക്കുകളും അതിന്റെ ചികിത്സയും അവർ അനുഭവിച്ച ബുദ്ധിമുട്ടുകളും ഒട്ടും ചോരാതെയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. നാവിക സേനയുടെ സഹായം ഏറെ ലഭിച്ച പ്രദേശമാണ് പരുമല. മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം എത്തിക്കുന്നതിലും നിരവധി പേരെ രക്ഷിക്കുന്നതിനും ഏറെ സഹാകരമായ പങ്ക് വഹിച്ച സൈനികരുടെ പ്രവർത്തനങ്ങളെയും ഓർമകുറിപ്പ് വിസ്മരിക്കുന്നില്ല.
പരുമല പള്ളിയുടെ മുന്പിൽ ഹെലികോപ്റ്റർ ലാന്റ് ചെയ്ത് അതിൽ നിന്ന് ക്യാന്പുകളിലേക്ക് ഭക്ഷണവും വെളളവും മരുന്നുകളും എത്തിച്ച സൈനികർക്ക് ഈ ചെറു പുസ്തകം ബിഗ്സലൂട്ടാണ് നൽകുന്നത്. കൂടാതെ വീടുകളിൽ കഴിഞ്ഞിരുന്ന ജീവനക്കാരെ പ്രളയം വിഴുങ്ങുവാൻ എത്തിയപ്പോൾ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പരുമലയിലേക്ക് വന്ന അനുഭവങ്ങളും അവർ ക്യാന്പിൽ എത്തിയ ശേഷം ഉണ്ടായ അനുഭവങ്ങളും 25-ഓളം ജീവനക്കാരും ഇതിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.
നൂറ്റാണ്ടിൽ ഉണ്ടാകാവുന്ന ഒരു പ്രതിഭാസം നമ്മുടെ കണ്മുന്പിൽ നടന്നത് വരും തലമുറിയിൽ പെട്ടവരുടെ അറിവിലേക്ക് എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുകയായിരുന്നു. അതിന്റ അടിസ്ഥാനത്തിലാണ് ഒരു കൈയ്യെഴുത്ത് പ്രതിയെന്ന ആശയം ഉയർന്ന് വന്നത്.
ലോകപ്രശസ്ത ഹൃദ്രരോഗവിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാന്റെ പൂർണ പിന്തുണ കൂടി ഇതിന് ലഭിച്ചതോടെ സിസ്റ്റർ.ഫേബാ, ഡോ.സുരേഷ്, വിനോയികുട്ടൻ, റ്റിജി, സോണിയാ എന്നിവരുടെ നേതൃത്വത്തിൽ കയ്യെഴുത്ത് പ്രതി തയ്യാറാകുകയായിരുന്നു. ഇത് വരും തലമുറയ്ക്ക് കാണുവാൻ ഡിജിറ്റിലായി സൂക്ഷിച്ചിട്ടുമുണ്ട്.
കൂടാതെ ഇത് കൂടുതൽ രൂപഭംഗി വരുത്തി അച്ചടിച്ച് പ്രസിദ്ധീകരിക്കുവനുള്ള ശ്രമത്തിലാണ് ജീവനക്കാർ. കയ്യെഴുത്ത് പ്രതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സജിചെറിയാൻ എംഎൽഎയ്ക്ക് നൽകി കൊണ്ട് നിർവഹിച്ചു. ഡോ.സജി ഫിലിപ്പ്, ഡോ.ജയതിലക്, ജോർജ്.കെ.ബാബു, വിനോയി കുട്ടൻ, ജി.വിവേക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.