പറവൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനായി അവശ്യവസ്തുക്കൾ സ്വരൂപിക്കുന്നതിൽ മുഖ്യമന്ത്രി നൽകിയ നിർദ്ദേശം പാലിക്കാത്തതിനെതിരേ വി.ഡി. സതീശൻ എംഎൽഎ രംഗത്ത്.ദുരിതാശ്വാസ ക്യാമ്പുകളിൽ ചില വ്യക്തികളും സംഘടനകളും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയില്ലാതെ സാധനസാമഗ്രികൾ എത്തിക്കുന്നത് കർശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഉത്തരവിന് വിപരീതമായി പറവൂരിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർതന്നെ പാർട്ടിയുമായി ബന്ധപ്പെട്ട ഓഫീസുകളിൽ കളക്ഷൻ സെന്റർ തുടങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ലെന്ന് സതീശൻ പറഞ്ഞു.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പറവൂരിലെ ഒരു സംഘടനയുടെ ഒാഫീസിൽ അവശ്യവസ്തുക്കൾ സ്വീകരിച്ച് വാഹനം തിങ്കളാഴ്ച പുറപ്പെടുമെന്ന് പ്രചരിപ്പിച്ചതിനെ തുടർന്നാണ് സതീശൻ രംഗത്തെത്തിയത്.