തിരുവനന്തപുരം: പ്രളയബാധിത കുടുംബങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപയുടെ വിതരണം സെപ്റ്റംബർ ഏഴിനു മുൻപു പൂർത്തിയാക്കാൻ മന്ത്രിസഭാ നിർദേശം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രളയ ദുരിതാശ്വാസ അപേക്ഷകളിൽ വേഗത്തിൽ അന്തിമ തീരുമാനം എടുക്കണം.
അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടിക ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ഇവർക്ക് ഏഴിനകം 10,000 രൂപ നൽകും. ഏതെങ്കിലും കുടുംബങ്ങളെ വിട്ടുപോയിട്ടുണ്ടെങ്കിൽ പരാതി നൽകാൻ അവസരമുണ്ട്.
ഇവരുടെ കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. പ്രളയം ബാധിക്കാത്ത മേഖലയിലുള്ള ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുകയും പ്രളയം ബാധിച്ച ചില കുടുംബങ്ങൾ ക്യാമ്പുകളിൽ പോകാതെ ബന്ധുഗൃഹങ്ങളിലേക്കു പോകുകയും ചെയ്ത സാഹചര്യവുമുണ്ട്.
ക്യാമ്പിൽ എത്തിയവർക്കൊപ്പം ബന്ധുവീടുകളിൽ പോയവർക്കും അടിയന്തര ധനസഹായം നൽകും. പ്രളയ ബാധിതരാണെന്നു ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തുന്നവർക്കു മാത്രമേ അർഹത ഉണ്ടാകൂ.
സംശയമുള്ളവരുടെ കാര്യത്തിൽ അതതു തദ്ദേശ സ്ഥാപന സെക്രട്ടറിയും വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തണം. അടുത്ത ഏഴിനു മുൻപ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 10,000 രൂപ വിതരണം ചെയ്തിരിക്കണമെന്നാണു മന്ത്രിസഭാ തീരുമാനം.
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ സർക്കാർ ജീവനക്കാർക്കു സാലറി ചലഞ്ച് നടപ്പാക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു ദിവസത്തെ ശമ്പളം പോലും നൽകണമെന്നു സർക്കാർ നിർദേശിക്കില്ല. താത്പര്യമുള്ളവർക്ക് ഇഷ്ടമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാം.
കഴിഞ്ഞ വർഷം സാലറി ചലഞ്ച് നടപ്പാക്കിയതു പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു മന്ത്രിസഭ ഇത്തരമൊരു നിലപാട് എടുത്തത്. സാലറി ചലഞ്ചിൽ ഒരു മാസത്തെ ശന്പളം കൊടുക്കണമെന്ന കടുത്ത നിലപാടാണു കഴിഞ്ഞ വർഷം സർക്കാർ സ്വീകരിച്ചത്.