റാന്നി: പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സ്വകാര്യബസ് സർവീസ് ശ്രദ്ധേയമായി. ഇടമുറി – റാന്നി – എരുമേലി – മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന “എംബസി’ ബസിന്റെ വെള്ളിയാഴ്ചത്തെ വരുമാനമാണ് പ്രളയബാധിതർക്കായി മാറ്റിവച്ചത്. എരുമേലി സ്വദേശി പനച്ചിയിൽ പി.എ. സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
പ്രളയബാധിതർക്ക് സഹായനിധി ശേഖരിക്കാൻ അന്നേ ദിവസം ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് കളക്ഷൻ നടത്തുകയായിരുന്നു. ബസിന്റെ ഉടമ സലിം ഒരു ദിവസത്തെ വരുമാനം പ്രളയബാധിതരെ സഹായിക്കാനായി മാറ്റിവയ്ക്കുന്നതായി അറിഞ്ഞ് ബസ് ജീവനക്കാരായ അഷ്റഫും ബിജുവും തങ്ങളുടെ ഒരു ദിവസത്തെ ശന്പളം സഹായിനിധിയിലേക്ക് സംഭാവന ചെയ്തു. ഇതോടെ യാത്രക്കാരും വിദ്യാർഥികളും തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുകകൾ സംഭാവനയായി നൽകി.
ടിക്കറ്റിനുപകരം വെള്ളിയാഴ്ച ബക്കറ്റുമായാണ് കണ്ടക്ടർ യാത്രക്കാരെ സമീപിച്ചത്. പ്രളയബാധിതരെ സഹായിക്കുന്നതിൽ യാത്രക്കാരുടെ സഹകരണം വലുതായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ഇരുപതിനായിരത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തിലും കാരുണ്യ പ്രവർത്തനവുമായി എംബസി ബസും ജീവനക്കാരും സജീവമായുണ്ടായിരുന്നു.