പത്തനംതിട്ട: 2018ലെ മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ ദുരിതാശ്വാസ തുക തിരികെപിടിക്കാനുള്ള റവന്യുവകുപ്പ് നോട്ടീസിനെതിരെ വ്യാപക പ്രതിഷേധം. വീടുകൾക്കും മറ്റുമുണ്ടായ നാശനഷ്ടത്തിന്റെ പേരിൽ നൽകിയ തുക അധികമാണെന്ന പേരിലാണ് കോഴഞ്ചേരി താലൂക്ക് ഓഫീസിൽ നിന്നും തിരിച്ചുപിടിക്കൽ നോട്ടീസ് നൽകിത്തുടങ്ങിയത്.
അടിയന്തര സഹായമായി ലഭിച്ച തുക പോലും തിരികെ പിടിക്കാൻ നോട്ടീസ് ലഭിച്ചതോടെയാണ് പലരും പരാതികളുമായി രംഗത്തെത്തിയത്. പണം തിരികെ അടയ്ക്കാൻ നിർവാഹമില്ലെന്നു നോട്ടീസ് ലഭിച്ചവരിൽ പലരും മറുപടി നൽകിയിട്ടുണ്ട്. ഇവരിൽ നിന്ന് റവന്യുനിയമപ്രകാരം പണം ഈടാക്കേണ്ടിവരുമെന്നാണ് വകുപ്പുതല നോട്ടീസ്.
ഇതിനിടെ തിരുവല്ല താലൂക്കിൽ പ്രളയബാധിതർക്കു നൽകിയ 10,000 രൂപ ധനസഹായവും തിരികെപിടിക്കാൻ നോട്ടീസ് നൽകിത്തുടങ്ങി. ഒന്നിലേറെ തവണ സഹായം ലഭിച്ചവരിൽ നിന്നാണ് തുക തിരികെപിടിക്കുന്നതെന്നതാണ വിശദീകരണം. തിരുവല്ലയിലും വീടുകൾക്കും മറ്റുമുണ്ടായ നഷ്ടത്തിന് അധികതുക കൈപ്പറ്റിയവരിൽ നിന്നു തിരികെ വാങ്ങാൻ നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.