കൊച്ചി: പ്രളയബാധിതകര്‍ക്ക് സഹായമായി തന്റെ കടയിലെ മുഴുവന്‍ തുണികളും നല്കി നൗഷാദ്. എറണാകുളം ബ്രോഡ്വേയില് വഴിയോരക്കച്ചവടം നടത്തുന്ന വൈപ്പിൻ സ്വദേശിയായ നൗഷാദ് തന്റെ പക്കലുള്ളതെല്ലാം പ്രളയ സഹായമായി നല്‍കിയിരിക്കുകയാണ്.നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് ഇന്നലെ നടന് രാജേഷ് ശര്‍മയും സംഘവും എറണാകുളം ബ്രോഡ് വേയില്‍ വിഭവസമാഹരണം നടത്തുന്നതിനിടയിലാണ് മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക തീര്‍ത്ത് നൗഷാദ് മുന്നോട്ടുവന്നത്.
സംഘം വസ്ത്രം ശേഖരിക്കുന്നതറിഞ്ഞ് തന്റെ കടയിലേക്ക് വരുവാന്‍ നൗഷാദ് ആവശ്യപ്പെടുകയായിരുന്നു. കടയിലെത്തിയ സംഘത്തിന് പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് കൈമാറി. മഴ കനത്തപ്പോള്‍ കച്ചവടം കഷ്ടത്തിലായ കച്ചവടക്കാരില്‍ ഒരാളാണ് നൗഷാദ്.
മഴ കുറഞ്ഞപ്പോള്‍ ഇന്നലെ മുതലാണ് ആളുകള്‍ എത്തിത്തുടങ്ങിയത്. എന്നിരുന്നാലും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തന്നിലാകും വിധം സഹായം ചെയ്യുകയാണ് ഇതിലൂടെ നൗഷാദ്. നമ്മള് പോകുമ്പോള്‍ ഇതൊന്നും കൊണ്ടോകാന്‍ പറ്റില്ലല്ലോ, നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭമെന്നാണ് നൗഷാദ് പറയുന്നത്. ഭാര്യ നിസയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് നൗഷാദിന്റെ കുടുംബം.
സ്കൂട്ടര്‍ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആദി
കോഴിക്കോട്: സ്കൂട്ടര്‍ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഗ്രാഫിക്സ് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശന്പളമില്ലാത്ത തന്റെ കയ്യില്‍ ചെലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന.
ആദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
മാസശന്പളമില്ല. ചെലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള് അതിജീവിക്കും.