പത്തനംതിട്ട: മഹാപ്രളയം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും യാതൊരു സഹായവും ലഭിക്കാത്ത ദുരിതബാധിതർ നാളെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി കളക്ടർക്ക് നിവേദനം നൽകും.കിഴക്കൻ മലയോര മേഖലയിൽ നിന്നുള്ള ദുരിതബാധിതരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ലഭിക്കാത്തവർ, കാർഷിക മേഖലയിൽ നഷ്ടങ്ങൾ നേരിട്ടവർ, പ്രളയത്തിലും ഉരുൾപൊട്ടലിലും വീട് തകർന്നവർ, കൃഷി ഭൂമി നഷ്ടമായവർ, പ്രളയത്തേ തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത വ്യാപാരികൾ തുടങ്ങിയവർ മാർച്ചിൽ അണിനിരക്കുമെന്ന് സംഘാടകസമിതി നേതാക്കൾ പറഞ്ഞു.
ആറുമാസം പിന്നിടുന്പോഴും പ്രളയത്തിൽ തകർന്ന കിടപ്പാടങ്ങൾക്കു പകരമായി യാതൊരു സംവിധാനവും ലഭിക്കാത്ത നിരവധിയാളുകൾ ഇപ്പോഴും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണെന്ന് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് ചൂണ്ടിക്കാട്ടി.
വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വാടക നൽകി താത്കാലിക പുനരധിവാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇത്തരത്തിൽ ദുരിതബാധിതർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ യാതൊരു ഇടപെടലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാലാണ് കളക്ടറേറ്റ് മാർച്ചെന്നും ലിജു പറഞ്ഞു.