പുതുക്കാട്: പ്രളയം തകർത്ത തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പള്ളം കോളനി നിവാസികൾക്ക് ഒന്നര വർഷത്തിന് ശേഷം സർക്കാരിന്റെ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായി. കോളനിയിലെ 20 പട്ടികജാതി കുടുംബങ്ങൾക്കും പൊതുവിഭാഗത്തിലെ എട്ട് കുടുംബങ്ങൾക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. വീട് താമസയോഗ്യമല്ലാതായ നാല് കുടുംബങ്ങൾക്ക് ഒന്നേക്കാൽ ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. 30 ശതമാനംവരെ നഷ്ടം സംഭവിച്ചവർക്ക് 60,000 രൂപ വീതവും 15 ശതമാനം വരെ തകരാറുണ്ടായവർക്ക് 10,000 രൂപ വീതവും സർക്കാർ നൽകും.
കഴിഞ്ഞ പ്രളയത്തിൽ മണലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് പള്ളം കോളനി വെള്ളത്തിലായത്. അന്ന് 15 വീടുകൾ താമസ യോഗ്യമല്ലാതായിരുന്നു. നിരവധി വീടുകൾ വെള്ളക്കെട്ടിലായി. ധനസഹായം ലഭിക്കാൻ വൈകിയതോടെ കോളനിയിലെ താമസക്കാർ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾ സ്വയം ചെയ്തത് നഷ്ടപരിഹാര തുക കുറഞ്ഞു പോകാൻ കാരണമായെന്ന് പറയുന്നു.
അറ്റകുറ്റപ്പണി നടത്തി ഒരുവർഷത്തിന് ശേഷമാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. താമസയോഗ്യമല്ലാത്ത വീടുകളെക്കുറിച്ച് പട്ടികജാതി വികസന വകുപ്പ് വിശദമായ റിപ്പോർട്ട് നൽകിയിട്ടും ഫണ്ട് കുറഞ്ഞു പോയതിനെപ്പറ്റി അന്വേഷണം വേണമെന്ന് പട്ടികജാതിവർഗ വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അവിചാരിതമായി വെള്ളം കയറിയതോടെ കോളനിയിലെ 38 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറിയിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഒൗദ്യോഗിക ദുരിതാശ്വാസ ക്യാന്പിൽ താമസിച്ചവരെ മാത്രമേ അന്ന് നഷ്ടപരിഹാരത്തിന് പരിഗണിച്ചിരുന്നുള്ളൂ. ജില്ലാ അധികാരികൾക്ക് മുന്നിലെത്തിയ അപ്പീലുകൾ നിരസിക്കപ്പെട്ടു. റവന്യു വകുപ്പ് അധികാരികൾക്ക് യഥാസമയം പരാതി ലഭിച്ചില്ലെന്നായിരുന്നു കാരണം.
തുടർന്നാണ് പട്ടികജാതി വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോളനി നിവാസികൾ പ്രതിഷേധമാരംഭിച്ചത്. പള്ളം സ്വദേശി സരിത ബാബു ദേശീയ പട്ടികജാതി കമ്മീഷനും പട്ടികജാതി വികസന വകുപ്പിനും പരാതി നൽകിയതോടെയാണ് വൈകിയാണെങ്കിലും കോളനിക്കാർക്ക് സർക്കാർ സഹായം നൽകാൻ ഉത്തരവായത്.
ൽ