വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്തം 1000 രൂപ വീതം നൽകാൻ തയാറായി മേമുണ്ട ഹയർസെക്കന്ററിയിലെ മലയാളം അധ്യാപിക ഒ.കെ.ജിഷ. തന്റെ ശന്പളത്തിൽ നിന്നും തുടർന്നു പെൻഷനിൽ നിന്നും എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നൽകാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം ജിഷ സ്കൂൾ ഹെഡ്മാസ്റ്റർ പി.ശശികുമാറിനു കൈമാറി.
കഴിഞ്ഞ ദിവസം വടകരയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറും ഇതേ രീതിയിൽ സംഭാവന നൽകുമെന്നു പ്രഖ്യാപിച്ചതും ജിഷക്ക് പ്രചോദനമായി. കുട്ടോത്ത് സ്വദേശിയായ ജിഷയുടെ ഭർത്താവ് സി.വത്സകുമാർ മേമുണ്ട സ്കൂൾ പി.ടി.എ പ്രസിഡന്റാണ്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, സിപിഎം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ് ജിഷ.