മലപ്പുറം: പ്രളയമേഖലയിൽ കൈത്താങ്ങാകാൻ ബാങ്കുകൾ. സാന്പത്തിക സഹായം അർഹരായ മുഴുവൻ പേരിലേക്കെത്തിക്കാൻ ബാങ്കിംഗ് അവലോകന യോഗത്തിൽ തീരുമാനിച്ചു. മൃഗപക്ഷിതേനീച്ച പരിപാലന മേഖലയിലും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പ്രളയ ദുരിതം അനുഭവിച്ച സംരംഭകരെ പുനരുദ്ധരിക്കാൻ വിഭാവന ചെയ്തതാണ് ഉജ്ജീവന വായ്പ.
കച്ചവട സ്ഥാപനങ്ങൾക്കും കിസാൻ കാർഡ് ഉടമകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.ബാങ്ക് വായ്പയും സർക്കാർ സബ്സിഡിയും അടങ്ങുന്നതാണ് പദ്ധതി. അക്കൗണ്ട് തുറക്കാൻ കാലതാമസം വരുന്നത് സ്കോളർഷിപ്പ് തുക ലഭിക്കാൻ തടസമാകുന്നുണ്ട്. ജില്ലയിലെ ബാങ്കുകളിൽ നിക്ഷേപത്തിൽ വർധനവുള്ളതായി ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി.
ജൂണ്‍ 30 വരെ 34285 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. മാർച്ചിൽ ഇത് 34244 കോടി രൂപയായിരുന്നു. പ്രവാസി നിക്ഷേപത്തിലും വർധനവ് വന്നിട്ടുണ്ട്. 10896 കോടി രൂപയാണ് പ്രവാസി നിക്ഷേപമുള്ളത്. മാർച്ചിൽ ഇത് 10614 കോടി ആയിരുന്നു. മുൻഗണനാ മേഖലയിൽ 1770 കോടി രൂപയാണ് വായ്പയായി നൽകിയത്.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ഓഫീസർ പി.ജി ഹരിദാസ്, കാനറാ ബാങ്ക് ജില്ലാ മാനേജർ കെ.എൻ തങ്കപ്പൻ, നബാർഡ് ഡിഡിഎം ജെയിംസ് പി. ജോർജ്, വകുപ്പ് മേധാവികൾ, ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.