കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗം എം.എം.അന്‍വറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുന്നു.
കാക്കനാട് നിലംപതിഞ്ഞ മുകളിലെ അന്‍വറിന്റെ വീട്ടില്‍ അന്വേഷണ സംഘം ഇന്നു തെളിവെടുപ്പ് നടത്തിയേക്കും. മൂന്നു ദിവസത്തേക്കാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മാസങ്ങളായി ഒളിവിലായിരുന്ന അന്‍വര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെ അന്വേഷണസംഘത്തിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു.
പ്രതി കീഴടങ്ങിയ അന്നു തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും പ്രതിഭാഗം ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. രണ്ടിലും കോടതി പ്രാഥമിക വാദം കേട്ടതിനുശേഷം ജാമ്യാപേക്ഷ തള്ളുകയും കസ്റ്റഡി അനുവദിക്കുകയുമായിരുന്നു.
ഗുരുതരമായ കുറ്റകൃത്യം നടത്തിയ പ്രതിയില്‍നിന്ന് കൂടുതല്‍ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും അതിനാല്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി പൂര്‍ണമായും അംഗീകരിച്ചില്ല.
25ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് കസ്റ്റഡി അനുവദിച്ച് നല്‍കിയത്. കേസ് അന്വേഷണം വേഗത്തിലാക്കണമെന്നും തെളിവുകളെല്ലാം ഡിജിറ്റലായ സാഹചര്യത്തില്‍ അന്വേഷണം നീണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പരാമര്‍ശിച്ചു.
അതേസമയം കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. കേസിലെ കൂട്ടുപ്രതികളായ കൗലത്തും നീതുവും മൂന്നുമാസമായി ഒളിവിലാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു കൗലത്ത്.
രണ്ടാം പ്രതിയും നേരത്തെ അറസ്റ്റിലായ ബി. മഹേഷിന്റെ ഭാര്യയാണ് നീതു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ ആറാമത്തേയും ഏഴാമത്തേയും പ്രതികളാണിവര്‍. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് ഒരു കോടിയില്‍പരം രൂപ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയത്.
കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലും അന്‍വറിനെ അന്വേഷണസംഘം ചോദ്യംചെയ്യും. കേസില്‍ മറ്റാര്‍ക്കെല്ലാം പങ്കുണ്ടെന്ന് കണ്ടെത്താനാണ് പ്രതികളെ വീണ്ടും തനിച്ചും കൂട്ടായും ചോദ്യം ചെയ്യുക.
അന്‍വറിനെ ഒളിപ്പിച്ചതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും അതോടെ വ്യക്തമാവും. കേസിന്റെ നാള് വഴിയില്‍ ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണായകമായ പല തെളിവുകളും പുറത്തു വരും.