കാക്കനാട്: പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയബാധിതർക്ക് നൽകേണ്ട ലക്ഷങ്ങൾ ചോർത്തിയെന്ന കേസിൽ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദിനെ അറസ്റ്റു ചെയ്തു.
ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ കുടുങ്ങിയേക്കും.
സംഭവത്തെത്തുടർന്ന് കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിശ്വാസവഞ്ചന, സർക്കാർ ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തെളിവെടുപ്പിനായി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ചശേഷം വിഷ്ണു ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക്കും മറ്റും കൂടുതൽ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി.
അയ്യനാട് സഹകരണ ബാങ്കിന് അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലും സഹകരണ ബാങ്കിലും വിഷ്ണുവിനെ എത്തിച്ച് തെളിവെടുത്തിട്ടുണ്ട്. തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയ വിഷ്ണുപ്രസാദിനെ ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ തെളിവുകൾക്കായി കസ്റ്റഡിയിൽ വാങ്ങും.
തട്ടിപ്പുമായി ബന്ധമുള്ള സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വറും സഹായി മഹേഷും ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രളയദുരിതാശ്വാസ ഫണ്ടില്‍നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിഷ്ണുപ്രസാദിനും അൻവറിനുമെതിരേയുള്ള കേസ്.
ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിൽനിന്നു പ്രളയബാധിതർക്കുള്ള ധനസഹായം അക്കൗണ്ടുകൾ വഴിയാണ് നൽകുന്നത്. ഇതിലാണ് തട്ടിപ്പ് നടന്നത്.
കാക്കനാട് നിലംപതിഞ്ഞമുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ അൻവറിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയതാണ് തട്ടിപ്പ് പുറത്താകാൻ ഇടയാക്കിയത്.