കളമശേരി: കളമശേരി നഗരസഭയിലെ പ്രളയ ദുരിതാശ്വാസ കണക്കെടുപ്പിലും തുക വിതരണത്തിലും വ്യാപക ക്രമക്കേടെന്ന് ആരോപണവുമായി എഐവൈഎഫ് റവന്യൂ മന്ത്രിയെ സമീപിക്കുന്നു. വേണ്ട തെളിവുകളോടെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് റവന്യൂ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെടുന്നത്.
എഐവൈഎഫ് ജില്ലാ സമിതിയംഗം സക്കീർ ആഞ്ഞിലിമുട്ടിലാണ് പരാതി നൽകിയിരിക്കുന്നത്. അർഹരെ ഒഴിവാക്കി അനർഹർക്ക് തുക കൈമാറുന്നുവെന്നാണ് ആക്ഷേപം. ഇതിന് അടിസ്ഥാനമാക്കുന്ന വിവരങ്ങൾ വിദ്യാർഥികൾ സർവേ നടത്തി നൽകിയതാണ്. ഇവ ശരിയോ തെറ്റോയെന്ന് പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ തുക വിതരണം നടന്നതെന്നും പരാതിയിൽ പറയുന്നു.
തൃക്കാക്കര നോർത്ത് വില്ലേജ് പരിധിയിൽ തന്നെ കളമശേരി നഗരസഭ പ്രദേശത്തെ പ്രളയബാധിതരായ നിരവധി കുടുംബങ്ങൾക്ക് ന്യായമായും സർക്കാർ രണ്ടാം ഗഡുവായി നൽകേണ്ട തുക ഇനിയും കൊടുത്തിട്ടില്ല. എന്നാൽ പല സ്ഥലങ്ങളിലും യാതൊരു കേടുപാടുകളുമില്ലാത്ത വീടുകൾക്ക് ചില രാഷ്ടീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി 70 ശതമാനം വരെ കേടുപാടുകളുണ്ടെന്ന് വരുത്തി പലരും ദുരിതാശ്വാസ തുക കൈപറ്റിയതായി വ്യപക പരാതിയുമുണ്ട്.
കളമശേരി വിടാക്കുഴയിലും എച്ച്എംടി കോളനിയിലും വെള്ളം കയറി ഇറങ്ങിയ ചില വീടുകളിൽ 75 ശതമാനം രൂപയും നൽകിയതിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭയിലെ സിഡിഎസ് പ്രതിനിധികൾക്കും ചില രാഷ്ട്രീയ നേതാക്കൾക്കും വൻ തുക കിട്ടിയതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
മഹാപ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് സർക്കാർ സ്വാന്ത്വനമായി നൽകുന്ന നഷ്ട പരിഹാരത്തുക ഏതെങ്കിലും വിധത്തിൽ സാധീനങ്ങൾ ചെലുത്തി അനർഹർ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇനിയും നഷ്ടപരിഹാരത്തുക കിട്ടാത്തവരുടെയും ഏതെങ്കിലും ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് മതിയായ നഷ്ട പരിഹാരത്തുക കിട്ടാത്തവരുടെയും പരാതികൾ അടിയന്തിരമായി പരിഹാരം കാണണമെന്നും പ്രളയ ദുരിതാശ്വാസം അനർഹരി ലേക്ക് എത്തിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.