സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രളയകാലത്തും വലിയ രീതിയില്‍ തട്ടിപ്പു നടന്നതായി ആക്ഷേപം. അര്‍ഹരായ പലര്‍ക്കും അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ചിരുന്നില്ല.
കണക്കെടുത്തതിലെ പിഴവും പ്രളയബാധിതര്‍ സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ പിഴവുകളുമാണ് വലിയ തോതില്‍ പണം അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് തടസമായത്.
അതേസമയം വെള്ളം മുറ്റത്തുപോലും എത്താത്ത നിരവധി പേര് അനര്‍ഹമായി തുക കൈപ്പറ്റുകയും ചെയ്തു. പലരും അതാത് വാര്‍ഡുകളിലെ ജന പ്രതിനിധികളെ സ്വാധീനിച്ചായിരുന്നു തുക കൈപ്പറ്റിയത്.
വില്ലേജ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പ്രളയബാധിതരാണോ അല്ലയോ എന്ന് മനസിലാക്കി അതാത് താലൂക്ക് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും തുക ട്രഷറി വഴി ദുരിതബാധിതര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്.
2018, 2019 കാലഘട്ടത്തിലായിരുന്നു ഇത്. അന്നുതന്നെ വലിയ രീതിയില്‍ തട്ടിപ്പു നടന്നിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പീന്നീട് എല്ലാം കെട്ടടങ്ങി.
ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് പരിശോധനയില്‍ ഇക്കാര്യങ്ങള്‍ കൂടി അന്വേഷണ വിധേയമാകും. എന്നാല്‍ സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് എത്രമാത്രം മുന്നോട്ടുപോകുമെന്നാണ് അറിയാനുള്ളത്.
ഒരു വിഭാഗം ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ ലോബികള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുള്ളതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കോഴിക്കോട്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് വീണ്ടും സര്‍വീസില്‍…
2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചിരുന്നു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നത്.
തുടര്‍ന്ന് റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയെന്നായിരുന്നു കണ്ടെത്തല്‍.
അടിയന്തര ധനസഹായമായി പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ നല്കിയ ഒന്നേമുക്കാല്‍ കോടിയോളം രുപ സസ്പെന്സ്അക്കൗണ്ടില് കിടക്കുകയാണെന്നായിരുന്നു കണ്ടെത്തല്‍ .
പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തന്‍ 97,600 രൂപ വെട്ടിച്ചതായും കണ്ടെത്തിയിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഇയാള്‍ പിന്നീട് സര്‍വീസില്‍ തിരിച്ചെത്തി.
ഇതിനു പിന്നാലെ മറ്റു ജില്ലകളില്‍ നിന്നും സമാനമായ പരാതി ഉയരുകയും ചെയ്തു. പ്രളയകാലത്ത് വീടുകളില്‍ വെള്ളം കയറി ക്യാമ്പുകളിലേക്കോ, ബന്ധുവീടുകളിലേക്കോ മാറിതാമസിക്കേണ്ടി വന്നവര്‍ക്കായിരുന്നു പതിനായിരം രൂപയ്ക്ക് അര്‍ഹതയുണ്ടായിരുന്നത്.