കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കളക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടുനിന്നു.
അമ്പതോളം ഫയലുകള്‍ പരിശോധിച്ച സംഘം 25 ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണു വിവരം. ഇന്നലെ രാവിലെ രാവിലെ 11 മുതല്‍ തുടങ്ങിയ തെളിവെടുപ്പ് രാത്രി ഏഴുവരെ നീണ്ടുനിന്നു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കൗശികിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഫയലുകള്‍ വിശദമായി പരിശോധിച്ചു. സംശയം തോന്നിയ ഫയലുകള്‍ സംബന്ധിച്ച് ജീവനക്കാരോട് വിശദമായി ചോദിച്ചറിഞ്ഞു.
അതിനിടെ, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതി കളക്ടറേറ്റിലെ മുന്‍ ജീവനക്കാരന് വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.
പ്രളയ ഫണ്ടില്‍നിന്നും ഒരു കോടിയില്‍പരം രൂപ വിഷ്ണു നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ഒന്നര കോടിയോളം രൂപയുടെ ആസ്തി വിഷ്ണുവിനുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടും അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറമെയുള്ളവരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വിഷ്ണുവുമായി കളക്ടറേറ്റില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം ദുരിതാശ്വാസ വിഭാഗത്തിലെ കൂടുതല്‍ ഫയലുകള്‍ പരിശോധിച്ചെങ്കിലും മുന്‍പ് ലഭിച്ചതില്‍ കൂടുതല്‍ ഒന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.
ക്ലര്‍ക്ക് മുതല്‍ ഡപ്യൂട്ടി കളക്ടര്വരെയുള്ളവരില്നിന്നാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണസംഘം ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു സൂചനകള്‍.