കോഴിക്കോട്: പ്രളയഫണ്ടില്‍ നിന്നുള്ള കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് “തടയിണ’! പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ അടിമുടി പാളിച്ച സംഭവിച്ചതായും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഫിനാന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
അതേസമയം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും വിഷയം ഒതുക്കാനുമാണ് അണിയറയില്‍ നീക്കം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനുള്ള യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് വിജിലന്‍സ് റേഞ്ച് അറിയിച്ചു.
2018 ലെ പ്രളയ -ഫണ്ടില്‍ നിന്ന് 77,600 രൂപ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി പണം തട്ടാന്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥന് ശ്രമിച്ചതോടെയാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനെ സസ്പൻഡ് ചെയ്തു.
വിശദമായ അന്വേഷണത്തിന് കളക്ടര്‍ ഫിനാന്‍സ് ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ആയിരത്തിലേറെ പേര്‍ക്ക് ഒന്നിലേറെ തവണ പണം നല്‍കിയതായി ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കണ്ടെത്തുകയും ചെയ്തു.
ഒന്നരകോടി രൂപയോളം തിരിമറി നടന്നതായാണ് സൂചന. വിശദമായ അന്വേഷണം വേണമെന്ന് ഫിനാന്‍സ് ഓഫീസര്‍ കളക്ടര്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരേും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.