ചേറ്റുപുഴ: തൃശൂർ – കാഞ്ഞാണി റോഡിലെ ചേറ്റുപുഴ പാലത്തിന്റെ സമീപത്തെ തോട്ടിൽ ഇന്നലെ മുങ്ങിമരിച്ച എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയുടെയും, പിതാവിന്റെ സഹോദരന്റെയും സംസ്കാരം ഇന്ന് നടക്കും. മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കൽ ജോർജിന്റെ മകൻ സുരേഷ് (50), സഹോദരൻ വിൽസന്റെ മകൾ ആൻ റോസ്(22) എന്നിവരാണ് ഇന്നലെ വൈകിട്ട് മുങ്ങിമരിച്ചത്. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
ഇന്നലെ വൈകീട്ട് പാലത്തിനടുത്ത് എൻജിൻതറ പരിസരത്തു കുടുംബസമേതം മീൻപിടിത്തും കാണാൻ പോകുന്നതിനിടെയാണ് അപകടം. എൻജിൻ തറയിൽനിന്ന് വെള്ളം പുറത്തേക്ക് പോകുന്നിടത്ത് വഴുതി വിൽസന്റെ മകൻ എബിൻ തോട്ടിൽ വീഴുകയായിരുന്നു. എബിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് മറ്റുള്ളവർ തോട്ടിൽ വീഴുകയായിരുന്നു.
തൃശൂരിൽനിന്ന് ഫയർഫോഴ്സെത്തി തോട്ടിൽ വീണവരെ കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെയും, ആൻറോസിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിനിയാണ് ആൻറോസ്.
പരേതയായ ജെസിയാണ് അമ്മ. സഹോദരങ്ങൾ: സ്റ്റെഫി, എബിൻ.ജെസ്മിയാണ് സുരേഷിന്റെ ഭാര്യ. ഫെമി, മേഘന എന്നിവർ മക്കളാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്കു വിട്ടുകൊടുത്തു.