തൃശൂർ: പ്രളയ ബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ടൗണ്‍ ഹാളിൽ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ’ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ചുവപ്പു നാടയുടെ കുരുക്കിലാണ് ഇപ്പോഴും. എല്ലാ മേഖലയിലും ദിരിതാശ്വാസം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഉദ്യോഗസ്ഥർ സത്വര നടപടികൾ സ്വീകരിക്കണം. പ്രശ്ന സാധ്യത കണക്കിലെടുത്ത് തീരദേശ മേഖലയ്ക്ക് 1300 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ബി.ഡി.ദേവസി, വി.ആർ.സുനിൽകുമാർ, മുരളി പെരുനെല്ലി, കെ.വി.അബ്ദുൾഖാദർ, ഗീത ഗോപി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്.ഷാനവാസ്, മുൻ മേയർ ഐ.പി.പോൾ, സി.ആർ.വത്സൻ തുടങ്ങിയവർ പങ്കെടുത്തു.