മങ്കൊന്പ് : പ്രളയക്കെടുതികളിൽ നിന്നും കുട്ടനാട്ടുകാർക്ക് താൽക്കാലിക ആശ്വാസം. ജലനിരപ്പിൽ കാര്യമായ വ്യത്യാസം വന്നതോടെ ഗതാഗതസൗകര്യങ്ങളും സ്കൂൾ അധ്യയനദിനങ്ങളും പൂർവസ്ഥിതിയിലേക്കെത്തുന്നു. ജലനിരപ്പു താഴ്ന്നതോടെ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാരംഭിച്ചു. ഗതാഗത സൗകര്യങ്ങൾ ആരംഭിച്ചതോടെ ദൂരസ്ഥലങ്ങളിൽ പോയി ജോലിചെയ്യുന്ന തൊഴിലാളികൾക്കും വറുതിയുടെ ദിനങ്ങൾ നീങ്ങി.
ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നതൊഴികയുള്ള സ്കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ഒരാഴ്ചയിലേറെ തടസപ്പെട്ടിരുന്ന എസി റോഡിലെ കഐസ്ആർടിസി സർവീസുകൾ ഇന്നലെ മുതൽ പൂർണമായും പുനസ്ഥാപിച്ചു. ഇതിനു പുറമെ മിക്ക ഗ്രാമീണ റോഡുകളിലും ബസുകൾ വീണ്ടും ഓടിത്തുടങ്ങി. കോട്ടയം-കൈനടി-കാവാലം, ചങ്ങനാശേരി -കൃഷ്ണപുരം-കാവാലം, പുളിങ്കുന്ന്-ആലപ്പുഴ, പുളിങ്കുന്ന്-ചങ്ങനാശേരി, കിടങ്ങറ-മുട്ടാർ, മാന്പുഴക്കരി, ചങ്ങനാശേരി-കായൽപ്പുറം, ചങ്ങനാശേരി-ചതുർത്ഥ്യാകരി തുടങ്ങിയ സർവീസുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്.
സർവീസ് പുനരാരംഭിച്ചെങ്കിലും മിക്ക റൂട്ടുകളിലും നാമമാത്രമായാണ് സർവീസ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. അതേസമയം ജലനിരപ്പുയർന്നതിനെത്തുടർന്ന് ഒരാഴ്ചയോളമായി നിർത്തിവച്ചിരുന്ന കാവാലം ജങ്കാർ സർവീസ് പുനരാരംഭിച്ചതും കുട്ടനാടിന്റെ മധ്യഭാഗത്തെ യാത്രക്കാർക്ക് ആശ്വാസമായി. രണ്ടടിയോളം വെള്ളമിറങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളും പാടശേഖരങ്ങൾക്കു സമീപമുള്ള പുരയിടങ്ങളിൽ നിന്നും ഇനിയും വെള്ളമിറങ്ങിയിട്ടില്ല. ഇതുമൂലം ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ഇന്നും തുടരും.
കാവാലത്തും നെടുമുടിയിലും ഓരോ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നു. 37 കുടുംബങ്ങളിൽ നിന്നുള്ള 91 പേരാണ് ഇരു ക്യാന്പുകളിലുമായി കഴിയുന്നത്. ഇതിനു പുറമെ 11 ഭക്ഷണ വിതരണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാമങ്കരി വില്ലേജിൽ 10 ഉം കൈനകരി വടക്ക് വില്ലേജിൽ ഒന്നും ഭക്ഷണ വിതരണകേന്ദ്രങ്ങളാണ് അവശേഷിക്കുന്നത്.