ആലപ്പുഴ: പ്രളയത്തിൽ തകർന്ന കുട്ടനാടിൻറെ അതിജീവനത്തിന് വേണ്ടത് സമഗ്രവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളെന്ന് കുട്ടനാടിൻറെ അതീജീവനമെന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ. കേരള ഗവണ്മെൻറ് കോണ്ട്രാക്ടേഴ്സ് അസോസിയേഷൻറെ സഹകരണത്തോടെ ആലപ്പുഴ പ്രസ്ക്ലബ് അതിജീവനത്തിന് കുട്ടനാട് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് ഇതുസംബന്ധിച്ച അഭിപ്രായങ്ങൾ ഉയർന്നത്.
കുട്ടനാടൻ മേഖലയിലെ വെള്ളം എത്രവരെയാകാം എന്നത് കണക്കാക്കി നിലനിർത്തിക്കൊണ്ടുപോകുന്നതിനു കേന്ദ്രീകൃത സംവിധാനം വേണമെന്ന ആശയമായിരുന്നു ഇതിൽ ആദ്യത്തേത്. എസി റോഡും എസി കനാലും അടക്കമുള്ള യാത്രാമാർഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പഠനം നടത്തി വിപുലീകരിക്കണമെന്ന നിർദേശവും ഉയർന്നു. എസി റോഡ് നിലവിൽ രണ്ടുവരി നിലവാരത്തിലേക്കെങ്കിലും ഉയർത്തണം.
എലിവേറ്റഡ് ഹൈവേ അടക്കം പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ഉയർന്നു. ഒപ്പം എസി കനാലിൻറെ സാധ്യതയും ഉപയുക്തമാക്കണം. കുട്ടനാടിൻറെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചയും നൂതന ആശയങ്ങളുമാണ് സെമിനാറിൽ ഉയർന്നതിൽ ഏറിയപങ്കും.
ആഗോള താപനം മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കം മുന്നിൽ കണ്ട് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് കുട്ടനാട്ടിലെ ജല നിർമനത്തിനാവശ്യമെന്ന് നെതർലാൻഡ് മാതൃകയും കുട്ടനാടും എന്ന വിഷയം അവതരിപ്പിച്ച മാനേജ്മെൻറ് വിദഗ്ധയും മുൻ മന്ത്രി പരേതനായ ടി.എം. ജേക്കബിൻറെ മകളുമായ അഡ്വ. അന്പിളി ജേക്കബ് പറഞ്ഞു.
കുട്ടനാടിൻറെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നീക്കിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കുട്ടനാട്ടിൽ പ്രായോഗികമെന്നും അവർ കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി ഇടത്തോടുകൾ അടച്ചത് കുട്ടനാട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കിയെന്നും കുട്ടനാട്ടിലെ ജലാശയങ്ങളുടെ സംഭരണ ശേഷി സംബന്ധിച്ച് പഠനം നടത്തണമെന്നും എസി റോഡിൻറെ പുനരുദ്ധാരണം എന്ന വിഷയാവതരണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഡോ. യാക്കൂബ് മോഹൻ ജോർജ് അഭിപ്രായപ്പെട്ടു.
എസി റോഡിൻറെ ചെളി നിറഞ്ഞ അടിത്തട്ട് ബലവത്തല്ലാത്തതിനാലും റോഡിൻറെ വശങ്ങളിൽ ആവശ്യമായ സംരക്ഷണമില്ലാത്തതു കൊണ്ടും റോഡ് താഴുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി ടച്ച് പൈലിംഗ് നടത്തുകയോ അല്ലെങ്കിൽ കുറച്ചു കൂടി പണം മുടക്കി എലിവേറ്റഡ് ഹൈവേ നിർമിക്കുകയോ വേണം.
ഇടുങ്ങിയ പാലങ്ങൾക്ക് പകരം ബോട്ടുകൾക്ക് കടന്നു പോകാവുന്ന തരത്തിലുള്ള സ്റ്റീൽപാലങ്ങൾ നിർമിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലേക്ക് എത്തുന്ന നദികളിലെ ജല നിരപ്പ് നിയന്ത്രിക്കാൻ ചെക്ക് ഡാമുകളോ റഗുലേറ്ററുകളോ വേണമെന്ന് 50 വർഷം മുന്നിൽ കണ്ടുള്ള കുട്ടനാട്ടിലെ നെൽക്കൃഷി എന്ന വിഷയമവതരിപ്പിച്ച ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടി. ബിജു പറഞ്ഞു.
ഇത്തരം സംവിധാനമുണ്ടായാൽ ജല നിരപ്പ് ക്രമീകരിക്കാൻ കഴിയും. ഡോ. എം.എസ് സ്വാമിനാഥൻ കണക്കാക്കിയ 1.25 മീറ്റർ ജല വിതാനം കണക്കാക്കിയാണ് നിലവിലെ പാടശേഖര ബണ്ടുകൾ നിർമിച്ചിരിക്കുന്നത് എന്നാൽ പ്രളയ സമയത്ത് 1.65 മീറ്ററായിരുന്നു കുട്ടനാട്ടിലെ ജലവിതാനം. പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലാകണം ഇനി പാടശേഖരങ്ങൾ സംരക്ഷിക്കേണ്ടതെന്നും ഇതിന് വിനൈൽ ഷീറ്റ് പൈലോ സ്റ്റീൽ ഷീറ്റ് പൈലോ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. കരിങ്കൽ ഉപയോഗിച്ചുള്ള ബണ്ട് നിർമാണത്തേക്കാളും ചെലവും കുറവാണ്.
തോട്ടപ്പള്ളി സ്പിൽവേയുടെയും ലീഡിംഗ് ചാനലിൻറെയും വീതി വർധിപ്പിക്കുകയും കുട്ടനാട്ടിലേക്കെത്തുന്ന നദിയുടെ ഉത്ഭവ സ്ഥാനം മുതൽ കടലിൽ പതിക്കുന്നത് വരെയുള്ള ജലവിതാനം പരിശോധിക്കുന്ന സംവിധാനം ഫലവത്താക്കുകയും ചെയ്ത ശേഷം വേണം തുടർനടപടികളിലേക്കു കടക്കാനെന്ന് സെമിനാറിൽ പങ്കെടുത്ത കർഷകസംഘം പ്രസിഡൻറ് കമാൻഡർ ഇ.ജെ. ചാക്കോ പറഞ്ഞു.
പ്രസ്ക്ലബ് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡൻറ് വി.എസ്. ഉമേഷ് മോഡറേറ്ററായിരുന്നു. കോണ്ട്രാക്ടേഴ്സ് അേസോാസിയേഷ സംസ്ഥാന പ്രസിഡൻറ വർഗീസ് കണ്ണന്പള്ളി ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചർച്ചകളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജോയ് ജനാർദനൻ, അലക്സ് മാത്യു, ജോസ് ജോണ് വെങ്ങാത്തറ, ആൻറണി തോമസ്, കുര്യൻ ജെ. മാലൂർ, സോണൽ നൊറോണ, ജെയിംസ് കല്ലുപാത്ര, ടിന്റോ എടയാടി, ജൂബിൻ ജേക്കബ് കൊച്ചുപുരയ്ക്കൽ, തോമസ് ജോസഫ് ഇല്ലക്കൽ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. കർഷകർ, കർഷക സംഘടന നേതാക്കൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും സെമിനാറിൽ സംബന്ധിച്ചു.