കൊച്ചി: പ്രളയദുരിത ബാധിതർക്ക് നിശ്ചിതകാലത്തേക്ക് കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവ സൗജന്യമായി നൽകുന്നകാര്യം പരിഗണിക്കണമെന്നു വ്യക്തമാക്കി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. ദുരിതബാധിതർക്ക് പിന്നീട് സഹായം നൽകുന്പോൾ ഇതിനുവന്ന ചെലവ് തിരിച്ചുപിടിക്കാനാവുമെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ദുരിതബാധിതർക്കു മതിയായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബി നൽകിയതുൾപ്പെടെയുള്ള ഹർജികളിൽ നേരത്തെ ഹൈക്കോടതി ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ ദുരന്തബാധിതരെ കൂടി പങ്കെടുപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കാനും ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വാർഡ് തല കമ്മിറ്റികൾക്ക് രൂപം നൽകി ഇവരെ സർക്കാർ ജീവനക്കാർക്കൊപ്പം പ്രവർത്തനങ്ങളിലുൾപ്പെടുത്തണം.
വാർഡ് മെന്പർ ഉൾപ്പെടെ അഞ്ചുപേരുൾപ്പെട്ട ഈ കമ്മിറ്റിയെ യഥാർഥ ദുരിതബാധിതരെ കണ്ടെത്താൻ ഉപയോഗിക്കാം. നഷ്ടം സംഭവിച്ച ബിസിനസ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്ക്കു പ്രത്യേക സ്കീം തയാറാക്കണം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഷ്ടം കണക്കാക്കണം.
പൊതു ആഘോഷങ്ങളും ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളും ഉൾപ്പെടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വയ്ക്കേണ്ടതില്ല. പാഴ്ചെലവ് ഒഴിവാക്കി ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു സഹായമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.