ജോണ്സണ് വേങ്ങത്തടം
കൊച്ചി: കേരളത്തിന്റെ പ്രളയദുരന്തത്തിനു കാരണം അശാസ്ത്രീയമായി ഡാമുകൾ തുറന്നതാണെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രഹരമേറ്റു എൽഡിഎഎഫ്. പ്രളയത്തിൽ കേരള സർക്കാർ പ്രതിക്കൂട്ടിലാണ്.ഇതു ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു കനത്ത തിരിച്ചടിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ തരംഗമുണ്ടാക്കി പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധി നേരിട്ടവതരിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി പ്രളയത്തിലെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കുറ്റപ്പെടുത്തലും വന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ എൽഡിഎഫ് വിഷമിക്കുകയാണ്.
സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുന്പോൾ പ്രതിക്കൂട്ടിലാകുന്നത് സർക്കാർ തന്നെയാണ്. പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉർത്തിക്കാട്ടാനായിരുന്നു സർക്കാർ ശ്രമം. ഇത് ആകെ പൊളിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാൽ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സർക്കാർ സംവിധാനമാണ്.
അണക്കെട്ടിലെ ജലനിരപ്പ് കണ്ടു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചു ധനലാഭം ഉണ്ടാക്കാനുള്ള കഐസ്ഇബിയുടെ നിലപാടിനു സർക്കാർ നിന്നു കൊടുത്തതിന്റെ ദുരന്തഫലമായിരുന്നു കേരളം നേരിട്ടത്. മൂലമറ്റം പവർഹൗസിൽ അഞ്ചു ജനറേറ്ററുകളുംഒന്നിച്ചു പ്രവർത്തിപ്പിച്ചു ജലനിരപ്പു കുറയ്ക്കാമെന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിച്ചു ലാഭം നേടാമെന്നുമായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ, കേരളത്തിലെ എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് ഒരു പോലെ അപകടകരമായി ഉയർന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥരും സർക്കാരും അണക്കെട്ടുകൾ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇപ്പോഴും കെഎസ്ഇബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നുവരെ അമിക്കസ്ക്യൂറി തങ്ങളുടെ നിലപാട് തേടിയില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും സർക്കാർ സംവിധാനമൊന്നും ഉണർന്നു പ്രവർത്തിച്ചില്ല. ഇടുക്കിയിൽ മാത്രമാണ് മുന്നൊരുക്കങ്ങൾ നടന്നത്. അവിടെ കളക്ടർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബാക്കി ഒരിടത്തും ഒരുവിധ കൂടിയാലോചനയും നടത്താതെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകാതെ ഡാമുകളിൽ നിന്നു വൻതോതിൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂർ, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ മുക്കിയത്.