പുല്ലാട്: പ്രളയക്കെടുതിയിൽ നാശ നഷ്ടങ്ങൾ സംഭവിച്ച ആളുകളുടെ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിലും വ്യക്തികൾക്കും വ്യാപാരികൾക്കുമുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇടതു സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ കോയിപ്രം നെല്ലിക്കൽ ഭാഗത്ത് പ്രളയ ദുരന്തത്തിൽ കഷ്ടപ്പെടുന്ന ആളുകളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ നിർമിതമായ പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്താനായി ജുഡീഷ്ൽ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മുഴുവൻ ആളുകളെയും വിളിച്ചു കൂട്ടി സമര പ്രഖ്യാപന കൺവൻഷൻ കോയിപ്രത്ത് നടത്താനും തുടർ സമരവുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
അതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ നല്കുമെന്നും എംപി അറിയിച്ചു. കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം മാത്യു കല്ലുങ്കത്തറ, പഞ്ചായത്തംഗം കെ പ്രസന്നകുമാർ, സുനിൽ വൈരോൻ, ഷാജൻ സി. വർഗീസ്, എം. എ. ചാക്കോ മട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.