ആലുവ: പ്രളയത്തിൽ നശിച്ചുപോയ മദ്യശേഖരത്തിനു പകരമായി തൊഴിലാളികൾ തുക അടയ്ക്കണമെന്ന കേരള ബിവ്റജ് കോർപറേഷന്റെ സർക്കുലർ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പെരുമ്പാവൂർ ബിവ്റജ് ഔട്ട്ലറ്റിലെ 10 ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഉത്തരവ്.
പ്രളയത്തെത്തുടർന്ന് നശിച്ചുപോയ സ്റ്റോക്കിന് പകരം പെരുമ്പാവൂർ ബിവ്റജിലെ ജീവനക്കാർ 67,261 രൂപ വീതം അടയ്ക്കണമെന്നായിരുന്നു ഓഡിറ്റിംഗ് വിഭാഗം ആവശ്യപ്പെട്ടത്. പ്രളയം വന്നതിനെത്തുടർന്ന് തുടർച്ചയായി അഞ്ചുദിവസം മദ്യശേഖരം 20 അടി പൊക്കത്തിലുള്ള വെള്ളത്തിൽ കിടക്കുകയായിരുന്നെന്നും പ്രകൃതിക്ഷോഭംമൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്നീടാക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും പരാതിക്കാരനും ഐഎൻടിയുസി നേതാവുമായ ശിശുകുമാർ പറഞ്ഞു.
സമാനരീതിയിൽ സംസ്ഥാനത്തെ മറ്റ് ബിവ്റജ് ഔട്ട്ലറ്റുകളിലുമുണ്ടായ പ്രളയനഷ്ടം അതാത് ജീവനക്കാരിൽ നിന്നീടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി. ഇൻഷ്വറൻസ് ക്ലെയിം നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് വിചിത്രമായ രീതിയിൽ നഷ്ട പരിഹാരം ഈടാക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
പ്രളയദുരന്തം നേരിട്ട ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. അതിനു പുറമെയാണ് ഇരുട്ടടി പോലെ പുതിയ തീരുമാനം നടപ്പാക്കുന്നത്.