പത്തനംതിട്ട: മഹാപ്രളയത്തേ തുടർന്ന് നഷ്ടപ്പെട്ട വീടിന്റെ സ്ഥാനത്ത് മറ്റൊരു അഭയകേന്ദ്രത്തിനായി ഭദ്രന്റെയും കുടുംബത്തിന്റെയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തോളമെത്തുന്നു. മണിയാർ സംഭരണിയുടെ സമീപത്തായിരുന്നു ഭദ്രന്റെ വീട്. ഭദ്രനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം മാതാവ് രാജമ്മയുമുണ്ടായിരുന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ മണിയാർ സംഭരണി കവിഞ്ഞൊഴുകിയെത്തിയ വെള്ളമാണ് ഇവരുടെ വീട് തകർത്തത്.
പ്രളയം തകർത്ത വീട്ടിനുള്ളിൽ കയറാനാകാതെ വന്നതോടെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. തകർന്ന വീടിനു സമീപത്ത് ഇപ്പോൾ ഷെഡു കെട്ടി താമസിക്കുകയാണ്. പ്രളയബാധിതർക്കുള്ള സഹായമായി 10,000 രൂപ സർക്കാർ നൽകിയിരുന്നു. മണിയാർ സംഭരണിയോടു ചേർന്ന സ്ഥലമായതിനാൽ ഇവിടെ വീട് പുനർനിർമിക്കാൻ അനുമതി നൽകില്ലെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്.
സന്നദ്ധസംഘടനകൾ അടക്കം ഭവനനിർമാണത്തിനു സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നെങ്കിലും സ്ഥലത്തിന്റെ പ്രശ്നത്തിൽ അനുമതിയായില്ല. പുതിയ സ്ഥലം കണ്ടെത്തി വീടു നിർമിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജിന്റെ നേതൃത്വത്തിൽ ഭദ്രനു വീടു നിർമിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
വികെഎൽ ഗ്രൂപ്പ് ഇതിനു സന്നദ്ധമായി രംഗത്തുവന്നതുമാണ്. നിലവിൽ 10 വീടുകൾ വികഐൽഎ ഗ്രൂപ്പ് നിർമിച്ചുവരുന്നുണ്ട്. ഭദ്രനു വീടു നിർമിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും വീടു നിലനിന്നിരുന്ന പ്രദേശത്ത് അനുമതി നൽകാനാകില്ലെന്ന നിലപാടിൽ റവന്യുവകുപ്പ് ഉറച്ചു നിൽക്കുന്നു. പകരം സ്ഥലം ചോദിച്ചിട്ട് നൽകുന്നുമില്ലെന്ന് ഭദ്രൻ പറയുന്നു. പ്രളയബാധിത മേഖലയെന്ന പേരിലും മണിയാർ ഡാമിനോടു ചേർന്ന സ്ഥലമെന്ന പേരിലുമാണ് തടസം.
എന്നാൽ തന്റെ പേരിലുള്ള പട്ടയഭൂമിയാണിതെന്നും നേരത്തെ വീടു നിർമിക്കുന്പോൾ തടസമുണ്ടായിരുന്നില്ലെന്നും ഭദ്രൻ പറഞ്ഞു. നിർമാണാനുമതി ലഭിച്ചാൽ ഭദ്രനു വീടു നിർമിച്ചു നൽകുമെന്ന് വികഐൽ ഗ്രൂപ്പ് പ്രതിനിധി കുഞ്ഞുമോൻ കണികുന്നത്തും ലിജു ജോർജും പറഞ്ഞു.