കടുത്തുരുത്തി: പ്രളയം കഴിഞ്ഞിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ദുരിതാശ്വാസ തുകയായ 10,000 രൂപ പോലും ലഭിച്ചില്ലെന്ന് വിധവയായ വീട്ടമ്മയുടെ പരാതി. മുളക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട തുരുത്തിപ്പള്ളിയിൽ പരേതനായ സുകുമാരന്റെ ഭാര്യ ഭാമിനിക്കാണ് പ്രളയത്തിനുശേഷം സർക്കാർ നൽകിയ പ്രാഥമിക സഹായം പോലും ലഭിക്കാത്തത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ് വീട്ടമ്മ. മൂവാറ്റുപുഴയാർ കരകവിഞ്ഞ് വീടിനകം മുഴുവൻ വെള്ളം കയറിയതിനെ തുടർന്ന് ഭാമിനിയും കുടുംബവും പെരുവ ഗവണ്മെന്റ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് താമസം മാറ്റിയിരുന്നു.
വെള്ളം കെട്ടിനിന്ന് മണ്ണിരുന്ന് തറ പൊട്ടി വീട് ഒരുവശത്തേക്ക് ചരിഞ്ഞു. ഭിത്തികൾ വിണ്ടു കീറുകയും ചെയ്തു. പ്രളയകാലത്ത് തയാറാക്കിയ സർവേ പ്രകാരം 60 മുതൽ 74 ശതമാനം വരെ തകരാറുകൾ സംഭവിച്ച വീടാണ് ഭവാനിയുടെതെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ദുരിതാശ്വാസ ലിസ്റ്റിൽ ആറാം നന്പർ ആയി വീട്ടമ്മയുടെ പേരും ഉൾപെടുത്തിയിരുന്നു. എന്നാൽ ഇവരുടെ അക്കൗണ്ടിൽ മാത്രം സർക്കാർ സഹായമായി ഒരു രൂപ പോലും എത്തിയില്ല. പ്രളയം തകർത്ത വീട്ടിൽ അറ്റകുറ്റപണികൾ നടത്താതെ താമസിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
പ്രളയം കണ്ടു നിന്നവർക്കു പോലും ലക്ഷങ്ങളുടെ ആനുകൂല്യം ലഭിച്ചപ്പോൾ പ്രളയം ജീവിതം ദുരിതത്തിലാക്കിയ തങ്ങളെ പോലുള്ളവർക്ക് ഇപ്പോഴും അർഹതപെട്ട സർക്കാർ സഹായം കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണെന്ന ഭാമിനി പറയുന്നു.
വീട്ടമ്മയ്ക്കു അർഹതപെട്ട ആനൂകൂല്യം ലഭിക്കാനുള്ള നടപടികൾ ഉടൻ ചെയ്യുമെന്നാണ് ഇതേകുറിച്ചു ചോദിച്ചപ്പോൾ മുളക്കുളം വില്ലേജ് ഓഫീസർ സി.ചിത്രലേഖ നൽകിയ മറുപടി.