ചങ്ങനാശേരി: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തവും അതിന്റെ രക്ഷാപ്രവർത്തനങ്ങളും സ്റ്റേജിലെത്തിക്കുവാൻ അനുഗൃഹീത കലാകാരനും ചങ്ങനാശേരി അതിരൂപതയിലെ വൈദികനുമായ ഫാ. ഷാജി തുന്പേച്ചിറയിലിന്റെ നേതൃത്വത്തിലുള്ള സെലിബ്രന്റ്സ് ഇന്ത്യ ഒരു പ്രളയവും പ്രാവും എന്ന ലൈറ്റ് ആന്ഡ് സൗണ്ട് ഷോ ഒരുക്കുന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ വിശുദ്ധ സെബസ്റ്റ്യാനോസ് സഹദായുടെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴിനാണ് പള്ളി മൈതാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 300 ഓളം കലാകാര·ാരെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയാണ് പരിപാടി നടത്തുന്നത്.
പതിനായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്റ്റേജിൽ പ്രധാന രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളും ഫിഷിംഗ് ബോട്ടുകളും വള്ളങ്ങളും ടിപ്പർ ലോറികളുമൊക്കെ കടന്നുവരും. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന്റെയും മനുഷ്യനന്മയുടെയും ദൃശ്യാവിഷ്കരണംകൂടിയാകും ഈ ഷോ.
ഈര ലൂർദ്ദ് മാതാ പള്ളി വികാരിയും സെലിബ്രൻസ് ഇൻഡ്യ എന്ന കലാസാംസ്കാരിക സംഘടനയുടെ ഡയറക്ടറുമായ ഫാ. ഷാജി തുന്പേച്ചിറയിലാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രളയം കവർന്നെടുത്ത മനുഷ്യന്റെ ഭൗതിക സന്പത്തിനെക്കാൾ മനുഷ്യൻ കണ്ടെത്തിയ ജീവിത യാഥാർഥ്യങ്ങളും മനുഷ്യനിൽ അവശേഷിക്കുന്ന നന്മകളും എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ഷോ.
പ്രളയത്തിന്റെ ദുരന്തം നേരിട്ട കലാകാരന്മാരും സാധാരണ ജനങ്ങളും രക്ഷാപ്രവർത്തകരും അരങ്ങിൽ എത്തുമെന്നത് ഈ ഷോയുടെ പ്രത്യേകതയാണ്. ഈ കലാപരിപാടി സൗജന്യമായി എല്ലാ കലാസ്നേഹികൾക്കും ആസ്വദിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
24,25 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ. 24ന് വൈകുന്നേരം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം കവലയിലേക്കും 25ന് ഉച്ചകഴിഞ്ഞ് നഗരം ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. ത്തിക്കുന്നു