ന്യൂഡൽഹി: കേരളത്തിനു പ്രളയ ദുരിതാശ്വാസമായി കേന്ദ്രസർക്കാർ 2500കോടി രൂപ കൂടി നൽകും. സംസ്ഥാന സർക്കാർ 4800 കോടി രൂപയാണു കേന്ദ്രസഹായമായി ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസർക്കാർ നേരത്തെ 600 കോടി രൂപ കേരളത്തിനു പ്രളയസഹായമായി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 2500 കോടി രൂപകൂടി അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അംഗീകാരത്തോടെ മന്ത്രിസഭ അനുമതി നൽകിശേഷമാവും തുക കേരളത്തിനു നൽകുക.
കേരളം നേരിട്ട മഹാപ്രളയത്തിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചവകയിലും രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്കു വിമാന വാടകയായും കേന്ദ്രത്തിനു പണം നല്കണമെന്നാവശ്യപ്പെട്ടു കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹച ര്യത്തിലാണ് കേന്ദ്രത്തിന്റെ 2500കോടിയുടെ പുതിയ പ്രഖ്യാപനം വരുന്നത്.
ഈ നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഓഗസ്റ്റില്‍ ഉണ്ടായത്. 435 പേർക്കു ജീവഹാനി സംഭവിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തിയപ്പോള്‍ 26,718 കോടി രൂപയുടെ നഷ്ടമുണ്ടെന്നും പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപ ആവശ്യമാണെന്നുമാണു കണക്കാക്കിയിട്ടുള്ളത്. രണ്ടു നിവേദനങ്ങളിലായി കേന്ദ്രത്തോടു സംസ്ഥാനം 5616 കോടി രൂപയുടെ സഹായമാണു തേടിയത്. എന്നാല്‍, കേന്ദ്രം നല്‍കിയത് 600 കോടി.
ഇതില്‍തന്നെ 290.74 കോടി കേന്ദ്രത്തിനു തിരിച്ചുനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വിമാനങ്ങൾ ഉപയോഗിച്ചതിന് 33. 77 കോടി രൂപ ഉൾപ്പെടെ 290.74 കോടി രൂപയാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ 2683.18 കോടി രൂപയാണു ലഭിച്ചത്. ഇതിൽ 688.48 കോടി രൂപ ചെലവഴിച്ചു. വീടുകളുടെ നാശനഷ്ടം തീർക്കാൻ ഇതിൽനിന്ന് 1357.78 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.
നാടിന്റെ പുനർനിർമാണം എങ്ങനെ നടത്താമെന്നതു സംബന്ധിച്ച ഒരു കാഴ്ചപ്പാട് സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ആസൂത്രണത്തിലും നിർമാണത്തിലും വേഗവും കാര്യക്ഷമതയും ഉൾക്കൊണ്ടുള്ളതാണത്.കേരള പുനർനിർമാണ പദ്ധതി എന്ന പേരിലാണ് അതറിയപ്പെടുന്നത്. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളിൽ തകർന്നുപോകാത്ത നിർമാണങ്ങളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. റോഡുകൾ ഉയർത്തിയും നീരൊഴുക്കിനുള്ളസൗകര്യം മെച്ചപ്പെടുത്തിയും മാത്രമേ ഇതു നടപ്പിലാക്കാനാവൂ.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ സംരക്ഷിക്കണം. സ്വാഭാവിക പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും മനുഷ്യവാസകേന്ദ്രങ്ങളെ നിലനിർത്തിയും ആകും പുനർ നിർമാണം.മണ്ണിന്റെ ഘടനാപരമായ സവിശേഷതകളും ഭൗമരൂപ-ജലശേഖര പഠനങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊണ്ടുമായിരിക്കും പുനർനിർമാണ പദ്ധതി തയാറാക്കുക. ജൈവിക വാസ്തുവിദ്യാ മാതൃകകളും പരമാവധി ഉപയോഗപ്പെടും.സ്മാർട്ട് ടെക്നോളജികൾവഴി ദുരന്ത സാധ്യതയുടെ ശാസ്ത്രീയ പ്രവചന സംവിധാനങ്ങൾ രൂപപ്പെടുത്തുക.
പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണ- പുനർനിർമാണത്തിൽ ഏറ്റവും മുന്തിയ പരിഗണന റോഡുകളുടെയും വീടുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും പൊതുകെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണിയും പുനർനിർമാണവും ഉപജീവനോപാധികളുടെ വീണ്ടെടുപ്പും ആണെന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.