പാലക്കാട്: ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ ഒക്ടോബർ ഒന്ന് മുതൽ അദാലത്ത് നടക്കുമെന്ന് എ.ഡി.എം ടി.വിജയൻ അറിയിച്ചു. ആദ്യഘട്ടമായി പാലക്കാട് താലൂക്ക് പരിധിയിലുളളവർക്കായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത്.
രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്എസ്എൽസി, റേഷൻകാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക.
ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നൽകുകയും ചെയ്യും. സംസ്ഥാന ഐ.ടി മിഷനും ഐ.ഐ.ഐ.ടി.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനെജ്മെന്റ്) കേരളയും ചേർന്ന് തയാറാക്കിയ ആപ്ലിക്കേഷൻ വഴിയാണ് സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ വീണ്ടെടുക്കുന്നത്.
സർട്ടിഫിക്കറ്റുകളുടെ രേഖകൾ ദുരിതബാധിതർക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി ഓരോ കൗണ്ടറിലും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ ഒന്നോ രണ്ടോ അക്ഷയ സംരംഭകരും ഉണ്ടായിരിക്കും. അദാലത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് (സെപ്തംബർ 25) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്ഫറസ് ഹാളിൽ നടക്കും.
ഒക്ടോബർ ഒന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജില്ലയിലെ ആറു താലൂക്കുകളിലും അദാലത്ത് നടക്കുന്നത്. ഒക്ടോബർ ഒന്നിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, മൂന്നിന് പട്ടാന്പി മിനി സിവിൽ സ്റ്റേഷൻ ഹാൾ, അഞ്ചിന് ആലത്തൂർ മിനി സിവിൽ സ്റ്റേഷൻ ഹാൾ, എട്ടിന് ഒറ്റപ്പാലം താലൂക്കാഫീസ് ഹാൾ, 10ന് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ഹാൾ, 12ന് മണ്ണാർക്കാട് മുനിസിപ്പാലിറ്റി ഹാൾ എന്നിവിടങ്ങളിലായി അദാലത്ത് നടക്കും.
അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം ടി. വിജയന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ ടെക്നിക്കൽ ഓഫീസർ ശിവപ്രസാദ്, ബി.എസ്.എൻ.എൽ, ഡി.ഡി പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
അദാലത്തിൽ എത്തുന്നവർ പേര്, ബന്ധപ്പെടേണ്ട വകുപ്പ് തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് കൗണ്ടറിൽ നിന്നും ടോക്കണ് എടുക്കണം. അദാലത്തിനെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളും ലഭിക്കുന്ന രേഖകളുടെ പകർപ്പുകളെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. അപേക്ഷകന് വേണമെങ്കിൽ ഡിജി ലോക്കർ എന്ന കൗണ്ടർ വഴി അക്കൗണ്ട് എടുത്ത് ഡിജി്റ്റൽ ലോക്കറിൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കാനുളള സേവനവും പ്രയോജനപ്പെടുത്താം.
പ്രളയത്തിൽ രേഖകൾ നഷ്ടമായവരുടെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കർ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറിൽ രജിസ്റ്റർ ചെയ്യുന്പോൾ തന്നെ അപേക്ഷകന്റെ ഫോണിൽ തന്റെ അക്കൗണ്ടിന്റെ യൂസർ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തിൽ നിന്ന് ലഭിക്കുന്ന രേഖകൾ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കർ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകൾ ലഭ്യമാകും.
അതാത് സേവനം വേണ്ട വകുപ്പിന്റെ കൗണ്ടറുകളിൽ ബന്ധപ്പെട്ടാൽ രേഖകളുടെ പകർപ്പുകൾ ലഭ്യമാവും. വിദ്യാഭ്യാസ വകുപ്പിന്റെ കൗണ്ടറിൽ നിന്നും എസ്.എസ്.എൽ.സിയുടെ 2001 മുതലുള്ള സർട്ടിഫിക്കറ്റുകളാണ് ലഭിക്കുക. അതിന് മുന്പുള്ള വർഷങ്ങളിലെ സർട്ടിഫിക്കറ്റ് നഷ്ടമായവർ പഠിച്ച സ്കൂളിൽ അപേക്ഷയുമായി നേരിട്ട് എത്തണം.
ക്വിസ് മത്സരം
പാലക്കാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 150-ാം ജന്മവാർഷികവും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ജില്ലാ ഖാദി വ്യവസായ ഓഫീസ് അങ്കണത്തിൽ 27 ന് രാവിലെ 11 ന് കോളജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും.