ബിജു കലയത്തിനാൽ
ചെറുതോണി: ചൂണ്ടിക്കാണിക്കാൻ ഒരു തുണ്ടു ഭൂമി പോലും മിച്ചംവയ്ക്കാതെ എല്ലാം പ്രളയം കൊണ്ടുപോയപ്പോൾ വഴിയാധാരമായ ചന്ദ്രനും കുടുംബവും സർക്കാരിന്റെ ഭവന പദ്ധതിയിലും ഇടമില്ല! സ്വന്തമായി സ്ഥലമില്ലെന്ന പേരിലാണ് ആലിൻചുവട് തെക്കുംപുറം ചന്ദ്രനും കുടുംബവും സർക്കാർ ഭവന പദ്ധതിയിൽനിന്നു പുറത്തായിരിക്കുന്നത്. എന്നാൽ, സ്വന്തമായുണ്ടായിരുന്ന സ്ഥലം പ്രളയം കവർന്നെടുത്തതാണെന്നു വ്യക്തമായിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. കെഎസ്ഇബി ക്വാർട്ടേഴ്സിലാണ് ഇപ്പോൾ താത്കാലികമായി ഇവരുടെ താമസം.
ഒഴുകിപ്പോയ അന്പതു സെന്റ്
ജലനിരപ്പ് ഉയർന്നപ്പോൾ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടതോടെയാണ് പെരിയാർ തീരത്തെ ഇവരുടെ അന്പതു സെന്റ് ഭൂമിയും വീടും പ്രളയംകൊണ്ടുപോയത്. ഉടുതുണി ഒഴികെ സർവതും ഇവർക്കു നഷ്ടപ്പെട്ടു. മുന്നറിയിപ്പിൽ വന്ന അവ്യക്തതയാണ് തങ്ങളുടെ സ്വന്തമായതെല്ലാം നശിക്കാൻ കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഏതാനും മണിക്കൂർ നേരത്തേക്കുള്ള പരീക്ഷണ തുറക്കൽ മാത്രമാണെന്നും സാധനങ്ങളൊന്നും മാറ്റേണ്ടതില്ലെന്നും ആളുകൾ മാത്രം റോഡിലേക്കു മാറിയാൽ മതിയെന്നുമാണ് അധികൃതർ ആദ്യം ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ചു വീടുവിട്ടു പേരക്കുട്ടികളുമായി ആലിൻചുവട് റോഡിലേക്ക് ഇവർ മാറി.
എന്നാൽ, ട്രയൽ റൺ എന്നു പറഞ്ഞു തുറന്ന ഷട്ടർ മണിക്കൂറുകൾ കഴിഞ്ഞിട്ടും അടച്ചില്ലെന്നു മാത്രമല്ല, പിറ്റേന്നു കൂടുതൽ ഷട്ടറുകൾ തുറക്കുകകൂടി ചെയ്തതോടെ കുത്തൊഴുക്കിൽ സർവതും നഷ്ടമായി. പ്രളയത്തിന്റെ തേരോട്ടത്തിൽ സ്വന്തമായുണ്ടായിരുന്ന സ്ഥലം പെരിയാറിന്റെ ഭാഗമായി മാറി.
ഇടുക്കി പദ്ധതിക്കായി ഹിന്ദുസ്ഥാൻ കന്പനിയുടെ വാഹനത്തിൽ ഡ്രൈവറായി എത്തിയതാണു ചന്ദ്രൻ. അന്നുമുതൽ താമസിച്ചുവന്നിരുന്ന വീടും സ്ഥലവുമാണ് അണക്കെട്ടു തുറന്നുവിട്ടപ്പോൾ ഒഴുകിപ്പോയത്. ചെറുതോണി ടൗണിൽ ഓട്ടോ ഓടിച്ചു മകൻ വിനുവിനു ലഭിക്കുന്ന വരുമാനത്തിലാണ് ഇപ്പോൾ ഇവരുടെ കുടുംബം കഴിയുന്നത്. കടബാധ്യതയിൽ പൊറുതിമുട്ടിയതോടെ സ്ഥലം വിറ്റു കടം വീട്ടാമെന്നു കരുതിയിരിക്കുന്പോഴാണ് പ്രളയം ദുരന്തമായി എത്തിയത്.
എത്ര നാൾ
ഗാന്ധിനഗർ കോളനിയിലെ ദുരിതാശ്വാസ ക്യാന്പിലാണ് അടുത്ത ദിവസം വരെ താമസിച്ചിരുന്നത്. ക്യാന്പ് പിരിച്ചുവിട്ടതോടെ വഞ്ചിക്കവലയിലുള്ള വൈദ്യുത വകുപ്പിന്റെ ക്വാർട്ടേഴ്സിലേക്ക് ഇവരെ മാറ്റുകയായിരുന്നു. എന്നാൽ, ക്വാർട്ടേഴ്സിലെ താമസം എത്ര കാലത്തേക്കെന്നോ, ക്വാർട്ടേഴ്സിന്റെ വാടക, വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയവയുടെ കാര്യത്തിലോ യാതൊരു തീരുമാനവും ഇനിയും ഉണ്ടായിട്ടില്ല.
പ്രളയത്തിന്റെ വകയിൽ ആശ്വാസമായി 10,000 രൂപ ലഭിച്ചതല്ലാതെ മറ്റൊരാനുകൂല്യങ്ങളും ഇതുവരെ തേടിയെത്തിയിട്ടില്ല. സ്വന്തമായി പട്ടയമുള്ള സ്ഥലമില്ലാത്തതിനാൽ വീടു നിർമിക്കാൻ സർക്കാർ നൽകുന്ന ധനസഹായവും ഇവർക്കു ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.
തീരാദുരിതം
മറ്റുള്ളവരുടെ കാരുണ്യത്തിൽ ലഭിച്ച വസ്ത്രങ്ങളും പാത്രങ്ങളുമൊക്കെയാണ് ഈ കുടുംബത്തിന് ഇപ്പോൾ സ്വന്തമായുള്ളത്. രോഗബാധിതരും വയോധികരുമായ ദന്പതികളും മൂന്നു വയസിൽ താഴെയുള്ള രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം തോരാകണ്ണീരുമായാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. അണക്കെട്ടു നിർമാണത്തിനായി വന്ന ചന്ദ്രൻ നേടിയതെല്ലാം അണക്കെട്ടിലെ വെള്ളംതന്നെ കൊണ്ടുപോയി. തലചായ്ക്കാൻ ഒരു വീടുണ്ടാകണമെന്ന ആഗ്രഹം മാത്രമാണ് ഈ കുടുംബത്തിന് ഇപ്പോൾ ബാക്കിയുള്ളത്.