ആലപ്പുഴ: പ്രളയത്തെത്തുടർന്ന് കിടപ്പാടം തകർന്നതുമൂലവും വാസയോഗ്യമല്ലാതായതിനാലും ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് മടങ്ങാനാകാതെ ജില്ലയിൽ 33 കുടുംബങ്ങൾ. ചെങ്ങന്നൂർ താലൂക്കിലെ അഞ്ച് ക്യാന്പുകളിലായാണ് 33 കുടുംബങ്ങളിലെ 123 ആളുകൾ ഒരുമാസത്തിലേറെയായി കഴിയുന്നത്.
തകർന്ന വീട് പുനർനിർമിക്കാനോ വാടക വീടുകളിലേക്ക് തത്ക്കാലം മാറുന്നതിനോ ഉള്ള സാന്പത്തിക ഭദ്രതയില്ലാത്ത ഇവർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ ക്യാന്പുകളിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്. ചെങ്ങന്നൂർ വില്ലേജിൽ നഗരസഭ പരിധിയിലെ ക്യാന്പിൽ അഞ്ച് കുടുംബങ്ങളിലെ 19 പേരാണ് കഴിയുന്നത്.
അഗതി മന്ദിരത്തിൽ തുറന്ന ക്യാന്പിൽ എട്ട് കുടുംബങ്ങളിലെ 30 പേരും പുലിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ക്യാന്പിൽ മൂന്നു കുടുംബങ്ങളിലെ 12 ആളുകളും കഴിയുന്നുണ്ട്. പാണ്ടനാട് വില്ലേജ് ഓഫീസ് പരിധിയിലെ ഇല്ലിമല ഹോമിയോ ഡിസ്പെൻസറിയിൽ 10 കുടുംബങ്ങളിലെ 45 ആളുകൾ കഴിയുന്നുണ്ട്. എണ്ണയ്ക്കാട് വില്ലേജ് ഓഫീസ് പരിധിയിലെ കെൽട്രോണ് സെന്ററിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പിൽ ഏഴു കുടുംബങ്ങളിലെ 17 ആളുകളും കഴിയുന്നുണ്ട്.
അന്പലപ്പുഴ താലൂക്കിലെ പുറക്കാട് ഇല്ലിച്ചിറ പള്ളിപാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ പത്ത് കുടുംബങ്ങളിലെ 44 പേർ കഴിയുന്നുണ്ട്. ഇവരെ കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് താത്ക്കാലികമായി മാറ്റിപാർപ്പിച്ചതാണ്. ഏതാണ്ട് ഒരുവർഷത്തോടടുക്കുന്പോഴും ഇവർ ദുരിതാശ്വാസ ക്യാന്പിൽ തുടരുകയാണ്.
പ്രളയത്തിൽ വീടുകൾ തകർന്നവർക്ക് അവ പുനർനിർമിക്കുന്നതിനായി നാലു ലക്ഷം വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അടിയന്തര ധനസഹായമായി ദുരിത ബാധിതർക്ക് നൽകുന്ന 10,000 രൂപയുടെ വിതരണം പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഈ തുക എന്ന് ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് ദുരിത ബാധിതർ.
പ്രളയത്തിൽ ജില്ലയിൽ നൂറിലേറെ വീടുകൾ പൂർണമായും ആയിരക്കണക്കിന് വീടുകൾ ഭാഗീകമായും തകർന്നിരുന്നു. പൂർണമായി വീടുകൾ തകർന്ന പലരും ദുരിതാശ്വാസ ക്യാന്പുകൾ പിരിച്ചുവിടാൻ തുടങ്ങിയതോടെ ബന്ധുവീടുകളിലേയ്ക്കും വാടകവീടുകളിലേക്കും മാറുകയായിരുന്നു. ഇതിനുള്ള സാഹചര്യമില്ലാതിരുന്നവരാണ് ക്യാന്പുകളിൽ തുടരുന്നത്.