കേരളത്തോട് ചിറ്റമ്മനയം തുടർന്ന് കേന്ദ്രം; ദുരന്തകാലത്തെ സഹായങ്ങൾക്ക് പണം നൽകണം

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തോട് കേന്ദ്ര സർക്കാരിന്‍റെ ചിറ്റമ്മനയം തുടരുന്നു. പ്രളയ കാലത്ത് സഹായത്തിനെത്തിയ വ്യോമസേന വിമാനങ്ങൾക്ക് കൂലി നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 25 കോടി രൂപ സംസ്ഥാനം നൽകണമെന്നാണ് ആവശ്യം. പ്രളയകാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾക്കും നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കൂടി ചേർന്ന് 290.14 കോടി രൂപ നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയ്ക്ക് 600 കോടി രൂപയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. ഈ തുകയിൽ നിന്നും കേരളം നൽകേണ്ട തുക കിഴിച്ചാവും ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2,683.18 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതിൽ വീടുകൾ തകർന്നവർക്കായി 1,357.58 രൂപ വിതരണം ചെയ്തു കഴിഞ്ഞു. ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുക ഉപയോഗിച്ചാലും സർക്കാർ ബാധ്യതപ്പെട്ട പണം കൊടുത്തു തീർക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയ പുനർനിർമാണത്തിനായി 31,000 കോടി രൂപയാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. വിദേശ സഹായങ്ങളൊന്നും സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾ കൊണ്ട് സാധിച്ചില്ല. ഫലത്തിൽ കേന്ദ്രം കേരളത്തെ സഹായിക്കുന്ന നിലയുമില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് കേന്ദ്ര സർക്കാരിന് ഒരു കത്തു കൂടി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കുന്ന പ്രളയാനന്തര പുനർ നിർമാണം നടത്തുക. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള നിർമാണങ്ങളാണ് ഉദ്ദേശിക്കുന്നത്. ചില മേഖലകളെ ഈ സവിശേഷതയോടെ കാണേണ്ട സാഹചര്യമുണ്ട്. പുനർ നിർമാണ പ്രവർത്തനങ്ങൾ ചുവപ്പു നാടയിൽ കുടുങ്ങി കിടക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts