ശാസ്താംകോട്ട : പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ പടിഞ്ഞാറ്റം മുറി ഭാഗത്താണ് ശുചീകരണ പ്രവർത്തങ്ങൾ നടക്കുന്നത്. പ്രളയ സമയത്ത് ഇവിടുത്തെ 29 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്. ക്യാമ്പ് അവസാനിപ്പിച്ചിട്ടും ഇവർ വീടുകളിലേക്ക് മടങ്ങിയിരുന്നില്ല.
വീടുകൾ ശുചീകരിക്കാത്തതായിരുന്നു കാരണം. ആരോഗ്യ വകുപ്പ് അധികൃതർ എത്തി ശുചീകരണ സാധനങ്ങൾ എത്തിച്ചു നൽകി. തുടർന്ന് വാർഡ് മെമ്പർ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇത് പൂർത്തിയായാൽ ഇവർ വീടുകളിലേക്ക് മടങ്ങും.
ശുചീകരണ പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ ക്ലിനിക് വോളന്റിയർമാരും ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ സേവനവുമായി രംഗത്തുണ്ട്. ഒരാഴ്ച മുൻപാണ് ക്ലിനിക് ഉത്ഘാടനം ചെയ്തത്. സൗജന്യ നിയമ സഹായം, നിയമോപദേശം തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതിനുള്ളത്.
പ്രളയ സമയത്ത് ക്യാമ്പ് സന്ദർശിച്ച ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് ബിജു ക്യാമ്പിലേക്ക് വോളന്റിയർമാരെ നൽകാമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ്ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പത്തു പേർ എത്തിയത്.
ശൂരനാട് വടക്ക് പി. എൽ. വി. ബുഷ്റയുടെയും, കോർഡിനേറ്റർ ദീപയുടെയും നേതൃത്വത്തിൽ മഞ്ജു, ഷീബാ മോൾ, ആശ, ഷീജ, സിന്ധു, ഷഹുബാനത്ത്, റഷീദ, പാത്തുമുത്ത് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.