പത്തനംതിട്ട: നാട്ടിൽ ശക്തമായ മഴ ഉണ്ടാകുമെന്ന വിദഗ്ധരുടെ ഉപദേശം ലഭിച്ച ഉടൻ ഡാമുകളിൽ നിന്നു വെള്ളം തുറന്നുവിട്ട് നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇത്രയും വലിയ പ്രളയം ഉണ്ടാകില്ലായിരുന്നുഎന്ന് കോണ്ഗ്രസ് പ്രവർത്തക സമതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി.
യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മഹാപ്രളയത്തെ സംബന്ധിച്ച ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ആരംഭിച്ച 24 മണിക്കൂർ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉണ്ടായ പ്രളയം സർക്കാരിന്റെ ഉത്തരവാദിത്വരഹിതമായ ഡാം മാനേജ്മെന്റ് സൃഷ്ടിയാണെന്നും ഇതിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും വിലപ്പെട്ട ജീവനുകൾ പൊലിയുകയും കോടാനുകോടി രൂപയുടെ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നത് സർക്കാരിനെ മോശപ്പെടുത്താനല്ല മറിച്ച് ഇനിയും ഒരു ദുരന്തം ഉണ്ടാകാതിരിക്കുവാനുള്ള നടപടികൾ എടുക്കുന്നതിനുള്ള തയാറെടുപ്പുകൾ സ്വീകരിക്കുന്നതിനാണ്.
ഈ കാര്യത്തിൽ സർക്കാർ ദുരഭിമാനം കളയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായ ദുരന്തം സംസ്ഥാനത്തെ പ്രതീക്ഷകളെ തകിടം മറിച്ചു. ഇനിയൊരു ദുരന്തം ഉണ്ടാകില്ലെന്ന് വിശ്വസിക്കാനും ആകുന്നില്ല. വികസന രംഗത്തെ വലിയ പ്രതീക്ഷകളും ടൂറിസം രംഗത്തെ സ്വപ്നങ്ങൾക്കും മങ്ങൽ ഏറ്റിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റോബിൻ പരുമല ,സംസ്ഥാന സെക്രട്ടറി അജോമോൻ, പാർലമെന്റ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് അരുണ് രാജ് എന്നിവരാണ് 24 മണിക്കൂർ ഉപവാസം നടത്തുന്നത്.