തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടായ കൃഷി നാശങ്ങൾ കാരണം സംസ്ഥാനത്ത് 21 കർഷകർ ആത്മഹത്യ ചെയ്തതായി മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ ഒന്പത് വീതവും കണ്ണൂർ ജില്ലയിൽ രണ്ടും കാസർഗോഡ് ജില്ലയിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തെന്ന് കെ.സി. ജോസഫിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പച്ചക്കറി ഉത്പാദനം 50 ശതമാനം വർധിച്ചു
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം 50 ശതമാനത്തിലേറെ വർധിച്ചതായി മന്ത്രി പറഞ്ഞു. 2015-16 സാന്പത്തിക വർഷം 6.28 ലക്ഷം ടണ് ആയിരുന്ന പച്ചക്കറിയുടെ ഉൽപാദനം 2018-19 വർഷത്തിൽ 12.12 ലക്ഷം ടണ്ണായി ഉയർന്നു. നടപ്പ് സാന്പത്തിക വർഷം 92000 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനും പച്ചക്കറി ഉത്പാദനം 14.70 ലക്ഷം ടണ്ണായി ഉയർത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പദ്ധതിയിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിഷാംശമുള്ള പച്ചക്കറിയെ പ്രതിരോധിക്കുന്നതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.പി. മുഹമ്മദ് മുഹ്സിൻ, സി. ദിവാകരൻ, ഇ.ടി ടൈസണ് മാസ്റ്റർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥാന കറിവേപ്പിലയിലും കാരറ്റിലും കീടനാശിനി
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പച്ചക്കറികളുടെ പരിശോധനയിൽ കറിവേപ്പിലയിലും കാരറ്റിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി രാജു ഏബ്രഹാമിനെ മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കഴിഞ്ഞ വർഷം 258 പച്ചക്കറി സാന്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. അമിത കീടനാശിനി ചേർത്തതിന് ഒരു കേസ് എടുത്തിട്ടുണ്ട്.
നീര കന്പനികൾ അടച്ചുപൂട്ടലിന്റെ വക്കിൽ
സംസ്ഥാനത്ത് നീര ഉത്പാദിപ്പിക്കുന്ന പല നാളികേര കന്പനികളും പല കാരണങ്ങളാൽ അടച്ചപൂട്ടലിന്റെ വക്കിലാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഈ കന്പനികളെ പുനരുദ്ധരിപ്പിക്കാനും പ്രവർത്തനസജ്ജമാക്കാനും സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിക്ക് സാന്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പദ്ധതി സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 150 രൂപയാണ് നിലവിൽ നൽകുന്നത്. ഇത് 200 രൂപയായി വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യത്തെ തുടർന്നാണ് സഹായത്തിനായി കേന്ദ്രത്തെ സമീപിച്ചതെന്ന് പി.ഉബൈദുള്ള, വി.കെ ഇബ്രാഹിംകുഞ്ഞ്. എം ഉമ്മർ, പാറക്കൽ അബ്ദുളള എന്നിവരെ മന്ത്രി അറിയിച്ചു.
കൃഷി ഓഫീസർ തസ്തികയിൽ 76 ഒഴിവുകൾ
സംസ്ഥാനത്ത് കൃഷി ഓഫീസർ തസ്തികയിൽ 76 ഒഴിവുണ്ടെന്ന് കെ. ബാബുവിനെ മന്ത്രി അറിയിച്ചു. ഇതിൽ വകുപ്പുതല പ്രമോഷൻ വഴി നികത്തേണ്ട 44 ഒഴിവുകളും പിഎസ്സി വഴി നികത്തേണ്ട 32 ഒഴിവുമുണ്ട്.