തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ട് ഏഴുവരെ സംഭാവന ലഭിച്ചത് 713.92 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ മറ്റു ഓഫീസുകളിൽ ലഭിച്ച ചെക്കുകളും മറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേർ ഓണ്‍ലൈനായി സംഭാവന നൽകി. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
നേരത്തെയുള്ള എട്ട് ബാങ്കുകൾക്ക് പുറമേ ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്-വേകളും, റേസർ പേ ഗേറ്റ്-വേ വഴിയും ഇപ്പോൾ പണമടയ്ക്കാം.