കോട്ടയം: കോട്ടയം ജില്ലയിൽ 11 മുതൽ 15 വരെ പ്രത്യേക ധനസമാഹരണം നടത്തുമെന്ന് മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ. രാജു എന്നിവർ അറിയിച്ചു. ഇതിനുളള തയാറെടുപ്പുകൾ ജില്ലയിലെ വകുപ്പ് മേധാവികൾ നടത്തിവരികയാണ്. 11 മുതൽ 15 വരെ മന്ത്രിമാരായ തോമസ് ഐസക്കും കെ.രാജുവും ധനസമാഹരണത്തിന് ജില്ലയിലുണ്ടാകും.
11 ബ്ലോക്കുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി തെരഞ്ഞെടുത്ത 15 സ്ഥലങ്ങളിലാണ് ധനസമാഹരണം നടത്തുക. ഇതിനുളള തയാറെടുപ്പുകൾ ഗ്രാമവികസന അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ നിർവഹിക്കണം. ഇതിനായി തയാറാക്കിയ പട്ടിക അനുസരിച്ച് ജില്ലാ കളക്്ടർ ഡോ. ബി. എസ് തിരുമേനി വ്യക്തിപരമായി കത്തുകൾ നൽകും.
ഇവ അതത് ജില്ലാതല ഉദ്യോഗസ്ഥർ വ്യക്തികൾക്ക് നേരിട്ട് കൈമാറും. 20 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ കഴിയുന്ന വ്യക്തികളോട് മന്ത്രി ഡോ. തോമസ് ഐസക് നേരിട്ട് സംസാരിക്കും. ധനസമാഹരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക്, മുനിസിപ്പാലിറ്റി പ്രസിഡന്റ് അധ്യക്ഷനായ സംഘാടക സമിതി അതത് സ്ഥലങ്ങളിൽ ചേരണമെന്ന് മന്ത്രി തോമസ് ഐസക് നിർദേശിച്ചിട്ടുണ്ട്.
11ന് സ്കൂൾ കുട്ടികളുടെ പ്രത്യേക ഫണ്ട് സമാഹരണം നടത്തും. പ്രളയത്തിൽ പൂർണമായും മുങ്ങിയ പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭിച്ചുവെന്നു ഉറപ്പുവരുത്താൻ മന്ത്രി ജില്ലാ കളക്്ടർക്ക് നിർദേശം നൽകി. മറ്റു പഞ്ചായത്തുകളിൽ പൂർണമായും മുങ്ങിയ വാർഡുകളിലെ എല്ലാ കുടുംബങ്ങളേയും പരിഗണിക്കണം.
ചില സ്ഥലങ്ങൾ മാത്രം വെള്ളത്തിൽ മുങ്ങിയ പഞ്ചായത്തുകളിൽ മാത്രം പ്രത്യേക പട്ടിക തയാറാക്കിയാൽ മതിയെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.