സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായി പതിനായിരം രൂപ വിതരണം ഉള്‍പ്പെടെ വലിയ തോതില്‍ ഫണ്ട് തിരിമറി നടന്നതായി റിപ്പോര്‍ട്ട്.
രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം ഒരേ ആള്‍ക്കു തന്നെ അക്കൗണ്ടുകളിലേക്ക് ഒന്നിലേറെ പണം നല്‍കിയതായും ഒന്നരകോടിയോളം രൂപ ഈ രീതിയില്‍ മാത്രം നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഗുരുതര ആരോപണവുമുള്ള റിപ്പോര്‍ട്ട് പക്ഷെ രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദം മൂലം പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് ജില്ലാ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
വ്യാപകപരാതി
പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയവര്‍ക്കും വീടിനു നാശനഷ്ടം സംഭവിച്ചവര്ക്കുമായിരുന്നു സര്‍ക്കാര്‍ ധനസഹായം കൈമാറിയത്. എന്നാല്‍ വീട്ടുപടിക്കല്‍ പോലും വെള്ളം കടക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ ഈ രീതിയില്‍ പലയിടത്തുനിന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. റവന്യൂവകുപ്പിലെ 20 ഉദ്യോഗസ്ഥരുടെ സംഘമാണ് മുഴുവന്‍ കണക്കുകളും പരിശോധിച്ചത്.
അതേസമയം പ്രളയ ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ അതത് സ്ഥലങ്ങളില്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘത്തെ നിയോഗിച്ചിരുന്നു.
ഇവര്‍ വീടുകള്‍ കയറി പരിശോധിച്ചശേഷം റിപ്പോര്‍ട്ട് നല്കിയതനുസരിച്ചാണ് അര്‍ഹരുടെ ലിസ്റ്റ് അതാത് താലൂക്ക് ഓഫീസുകളില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഈ അടിസ്ഥാനത്തില്‍ തുക അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അക്കൗണ്ടിലേക്കു പണം
തിരുവനന്തപുരത്തുനിന്നും നേരിട്ട് ട്രഷറി മുഖേന ഗുണ ഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുകയായിരുന്നു.
ഫീല്‍ഡ് ഓഫീസര്‍മാര്‍ നല്കിയ ലിസ്റ്റില്‍ തിരിമറി നടന്നുവെന്നും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കൂടുതല്‍ അനര്‍ഹരെ ലിസ്റ്റില്‍ ഉള്പ്പെടുത്തേണ്ടിവന്നുവെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസത്തിനുപിന്നിലും ഉണ്ടായിരിക്കുന്നത്.