കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ നാവികസേന നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ബില്ല് സമർപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള.
നാവികസേനാംഗങ്ങൾക്ക് ലഭിച്ച പരിശീലനമായാണ് പ്രളയരക്ഷാ പ്രവർത്തനങ്ങളെ കാണുന്നത്. തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുക മാത്രമായിരുന്നുവെന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പതിനേഴായിരത്തിലധികം ആളുകളെയാണ് നാവികസേന പ്രളയത്തിൽ രക്ഷപെടുത്തിയത്. ഇരുപത് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിൽ 91 ടീമികളായി തിരിഞ്ഞായിരുന്നു പ്രവർത്തനങ്ങൾ. 91 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനം നടത്തിയതിനു വ്യോമസേന 33.79 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.