കൽപ്പറ്റ: കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ വീടു തകർന്ന മൂന്നു കുടുംബങ്ങൾ പുതിയ വീട്ടിൽ ഓണം ആഘോഷിക്കും. പെരിക്കല്ലൂർ കോപ്പറന്പിൽ വീട്ടിൽ ഷംസുദ്ദീൻ, പാറാളിയിൽ സജി, കിശിങ്കൽ കെ.ആർ. ബിനീഷ് എന്നിവർക്കാണ് പ്രളയാന്തര പുനരധിവാസ പദ്ധതിയിൽ വീടുകളായത്. പാടിച്ചിറ വില്ലേജിൽ സി.പി. പോൾസണ്‍ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകിയത്.
രണ്ടു മുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്നതാണ് ഓരോ വീടും. ഇലക്ട്രിക്, പ്ലംബിംഗ് പ്രവൃത്തികളടക്കം പൂർത്തിയാക്കിയാണ് ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുന്നത്. താക്കോൽദാനം എട്ടിനു രാവിലെ 11 ന് പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ നിർമിതി കേന്ദ്രയുടെ സഹായത്തോടെ പുനരധിവാസത്തിനു ഇത്തരത്തിൽ 13 വീടുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്നത്. കണിയാന്പറ്റ വില്ലേജിലാണ് പത്തു വീടുകൾ. ഇതിൽ അഞ്ചു വീടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. സർക്കാർ സഹായധനമായ നാലു ലക്ഷം രൂപയും കോർപറേഷൻ ബാങ്ക് നൽകിയ 11, 93525 രൂപയും ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം.