ചാലക്കുടി: പ്രളയത്തിൽ നാശനഷ്ടമുണ്ടായ വീടുകളെ സംബന്ധിച്ച റിപ്പോർട്ടിൽ ഗുരുതരമായ അപാകത. 6000-ലേറെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് 2000ൽ താഴെ മാത്രം. പ്രളയദുരന്തത്തിൽ പെട്ട് കേടുപാടുകൾ സംഭവിച്ചതും പൂർണമായി തകർന്നു പോയതുമായ വീടുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിനു വേണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ നൂറു കണക്കിന് കുടുംബങ്ങൾ ഉൾപ്പെട്ടിട്ടില്ല.
ഭാഗികമായും പൂർണമായി നാശനഷ്ടമുണ്ടായ വീടുകളെ സംബന്ധിച്ച് പ്രളയശേഷം നഗരസഭ എൻജിനിയിറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ വെച്ച് നടത്തിയ സർവേ പ്രകാരം സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നാണ് നിരവധി വീടുകൾ വിട്ടുപോയിട്ടുള്ളത്.
മാത്രമല്ല പൂർണമായി തകർന്ന പല വീടുകളും ഭാഗികമായ വിഭാഗത്തിലും ഭാഗികമായി തകർന്ന വീടുകൾ പൂർണമായി തകർന്ന വീടുകളുടെ വിഭാഗത്തിലാണ്. ഭാഗികമായി തകർന്ന വീടുകളുടെ ശതമാനം കണക്കാക്കിയാണ് സർക്കാർ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുള്ളത്. ശതമാന കണക്കിലും വ്യാപകമായ അപാകത ഉള്ളതായി കാണുന്നു. ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്ക് നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്നാണ് അധികൃതർ പറയുന്നത്.
വിട്ടുപോയവർ ഇനി ലിസ്റ്റിൽ ഉൾപ്പെടണമെങ്കിൽ അവർ ജില്ലാ കളക്ടർക്ക് പ്രത്യേകമായി അപ്പീൽ പരാതി നൽകണം. 15, 35, 60, 74 ശതമാന കണക്കിലും 74 ശതമാനത്തിനു മുകളിലും എന്നിങ്ങനെ തകർന്ന വീടുകളെ വിവിധ തലങ്ങളിലാക്കി ഇതനുസരിച്ച് 10,000 രൂപ മുതൽ നാല് ലക്ഷം വരെയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്.
നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതോടെ വലിയ പ്രതിഷേധങ്ങൾ ഇടവരും. ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച അപ്പീൽ പരാതികൾ നൽകുന്നതിനും അടിയന്തര നടപടികൾ ഉണ്ടാക്കുന്നതിനും നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ അധ്യക്ഷത വഹിച്ചു.
ഷിബു വാലപ്പൻ, മേരി നളൻ, ബിജു എസ്.ചിറയത്ത്, ജിയോ കിഴക്കുംതല, എം.പി.ഭാസ്കരൻ, എം.എ.ജോസ്, അലീസ് ഷിബു, ആനി പോൾ, സുമ ബൈജു, സൂസമ്മ ആന്റണി, സരള നീലങ്കാട്ടിൽ, റീന ഡേവിസ്, ജോയി ചാമവളപ്പിൽ, വർഗീസ് മാറോക്കി എന്നിവർ പ്രസംഗിച്ചു.