പത്തനംതിട്ട: 2018ലെ വെള്ളപ്പൊക്കത്തില്‍ കടയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സ്ഥാപനത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 33.35 ലക്ഷം രൂപ നല്കാന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.
വടശേരിക്കര ക്വാളിറ്റി സൂപ്പര്‍ ബസാര്‍ ഉടമ എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് മാനേജര്‍ക്കെതിരേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ബസാര്‍ ഒന്നരക്കോടി രൂപയ്ക്ക് എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സില്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ സ്ഥാപനവും കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നഷ്ടപ്പെട്ടു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന് ഇരുകക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കുകയും അഭിഭാഷകര്‍ മുഖേന ഹാജരാകുകയും ചെയ്തതാണ്. സര്‍വേ റിപ്പോര്‍ട്ടിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ പറയുന്ന നഷ്ടം ശരിയെന്ന് കമ്മീഷനു ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു.
സാധനങ്ങള്‍ നഷ്ടപ്പെട്ട വകയിലാണ് 32.25 ലക്ഷം രൂപ അനുവദിച്ചത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കാനാണ് വിധി. കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.