തൃശൂർ: പ്രളയബാധിതരായ കർഷകരെ സഹായിക്കാൻ തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണസംഘങ്ങൾ വഴി പ്രത്യേക കാർഷിക വായ്പാ പദ്ധതി നടപ്പാക്കുന്നു.പ്രളയത്തെ തുടർന്ന് ജില്ലയിലെ കാർഷികവായ്പ തിരിച്ചടയ്ക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കാർഷിക വായ്പ തിരിച്ചടക്കാനാവാത്തതിനാൽ ഇന്ററസ്റ്റ് സബ്വെൻഷൻ ലഭിക്കാതിരിക്കുകയും, പുതിയ വായ്പയ്ക്ക് അർഹത നഷ്ടപ്പെടുകയും ചെയ്തുന്നു.
ഈ പ്രതിസന്ധി മറികടക്കുന്നതിന് ജില്ലാ സഹകരണബാങ്ക് പ്രാഥമിക സഹകരണസംഘങ്ങൾക്ക് 6.25 ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തികൊണ്ട് കുടിശികയായ വായ്പകൾ കുറഞ്ഞ പലിശനിരക്കിൽ പുതുക്കി നൽകുന്നതിന് പ്രാഥമിക സഹകരണസംഘങ്ങൾക്കു കഴിയും. തൃശൂർ ജില്ലാ സഹകരണ ബാങ്കിന് ഇതുവഴി ഏതാണ്ട് 100 കോടി രൂപയിലധികമാണ് കുറഞ്ഞ പലിശയിൽ നൽകേണ്ടതായി വരുന്നത്.
സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനം നടപ്പിലാക്കുന്ന ആദ്യ ജില്ലാ ബാങ്ക് തൃശൂരാണെന്ന് അഡ്മിനിസ്ട്രേറ്റർ ടി.കെ.സതീഷ്കുമാറും, ജനറൽ മാനേജർ ഡോ. എം.രാമനുണ്ണിയും അറിയിച്ചു.2019 ജനുവരി 31ലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ സഹകരണ ബാങ്കിന് 2018-19 വർഷത്തിൽ 6592.38 കോടി രൂപ നിക്ഷേപമായി ശേഖരിക്കുവാനും, 3863.61 കോടി രൂപ വായ്പയായി വിതരണം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 10456 കോടിയാണ്.